പാലക്കാട്: ആരോഗ്യമന്ത്രി വീണാ ജോർജ്ജ് അട്ടപ്പാടിയിലെത്തി. ഫീല്‍ഡുതല പ്രവര്‍ത്തനങ്ങള്‍ നേരിട്ട് കാണുന്നതിനാണ് മന്ത്രി എത്തിയത്. വിവിധ ആശുപത്രികളും ഊരുകളും സന്ദര്‍ശിച്ചതിന് പിന്നാലെ അട്ടപ്പാടിയിലെ വിവിധ പ്രദേശങ്ങളിലെ അങ്കണവാടി പ്രവർത്തകരുടെ യോഗവും മന്ത്രി വിളിച്ചു കൂട്ടി. 30 ഓളം അങ്കണവാടി പ്രവര്‍ത്തകര്‍, സിഡിപിഒമാര്‍ എന്നിവര്‍ യോഗത്തില്‍ പങ്കെടുത്തു.
അട്ടപ്പാടി വെള്ളാമലി ഊരിലെ 64–ാം നമ്പര്‍ അങ്കണവാടിയിലാണു യോഗം നടന്നത്. വിവിധ ആശുപത്രികളും ഊരുകളും സന്ദര്‍ശിച്ചതിന് പിന്നാലെയാണ് അട്ടപ്പാടിയിലെ വിവിധ പ്രദേശങ്ങളിലെ അങ്കണവാടി പ്രവര്‍ത്തകരുടെ യോഗം വിളിച്ചു കൂട്ടിയത്.ഒരു മണിക്കൂറോളം മീറ്റിംഗ് നീണ്ടു. കസേരകൾ കുറവായതിനാൽ അങ്കണവാടി പ്രവർത്തകർക്കൊപ്പം തറയിലിരുന്നാണ് മന്ത്രി യോഗത്തിൽ പങ്കെടുത്തത്. ഒപ്പം ഇരുന്ന് പ്രശ്‌നങ്ങള്‍ കേട്ടപ്പോള്‍ ഒരു ഔദ്യോഗിക യോഗമായി തോന്നിയില്ലെന്നായിരുന്നു മന്ത്രിയുടെ പ്രതികരണം.തങ്ങളിലൊരാളായി മന്ത്രിയും ഒപ്പം ഇരുന്നപ്പോള്‍ അങ്കണവാടി പ്രവര്‍ത്തകര്‍ക്കും സന്തോഷമായി. അങ്കണവാടി പ്രവര്‍ത്തകര്‍ ഉന്നയിച്ച എല്ലാ കാര്യങ്ങളും ശ്രദ്ധയോടെ കേട്ട ശേഷം നടപടികളും ശുപാര്‍ശ ചെയ്താണു മന്ത്രി യോഗം അവസാനിപ്പിച്ചത്.

















