ന്യൂഡല്‍ഹി: പശ്ചിമ ഘട്ടത്തിലെ പരിസ്ഥിതിലോല മേഖലയില്‍ ഇളവ് വേണമെന്ന് ആവശ്യപ്പെട്ട് കേരളം. 1,337.24 ചതുരശ്ര കിലോമീറ്റര്‍ പ്രദേശം ഒഴിവാക്കണം എന്നാവശ്യപ്പെട്ടതായി ധനമന്ത്രി കെ എന്‍ ബാലഗോപാല്‍ പറഞ്ഞു. കേരളത്തിന്റെ ആവശ്യങ്ങള്‍ കേന്ദ്രം തത്വത്തില്‍ അംഗീകരിച്ചതായും മന്ത്രി അറിയിച്ചു.
ഇളവുകളുള്ള മേഖലയായി അംഗീകരിക്കാമെന്ന് കേന്ദ്രം ഉറപ്പുനല്‍കി. എന്നാല്‍ എന്ത് ഇളവാണെന്നത് കേന്ദ്രസര്‍ക്കാര്‍ വ്യക്തമാക്കിയിട്ടില്ലെന്നും മന്ത്രി പറഞ്ഞു.
നിലവിലെ കരട് വിജ്ഞാപനം അനുസരിച്ച് കേരളത്തിലെ 123 വില്ലേജുകളാണ് ഇഎസ്എ ( പരിസ്ഥിതി ലോല മേഖല) പരിധിയിലുള്ളത്. ഈ 123 വില്ലേജുകളിലായി 13108 ചതുരശ്ര കിലോമീറ്റര്‍ പ്രദേശത്തെയാണ് കസ്തൂരിരംഗൻ സമിതി പരിസ്ഥിതി ലോല പട്ടികയിൽ ഉൾപ്പെടുത്തിയത്.
കേരളത്തിന്‍റെ പ്രതിഷേധം കണക്കിലെടുത്ത് ഉമ്മൻ വി ഉമ്മൻ സമിതി തയ്യാറാക്കിയ പട്ടിക പ്രകാരം ഇത് 9993.7 ചതുരശ്ര കിലോമീറ്ററായി കുറച്ച് 2018 ഡിസംബറിൽ പുതിയ കരട് വിജ്ഞാപനം പുറത്തിറക്കിയിരുന്നു. ജനവാസ മേഖലയിൽ വരുന്ന 880 ചതുരശ്ര കിലോമീറ്റര്‍ കൂടി കുറക്കണമെന്നാണ് ഇപ്പോൾ കേരളത്തിന്‍റെ ആവശ്യം.
കേരളത്തിന്റെ ആവശ്യം അംഗീകരിച്ചാൽ നിർമാണപ്രവർത്തനങ്ങൾക്കും വ്യവസായങ്ങൾക്കും കർശന നിയന്ത്രണമുള്ള വില്ലേജുകളുടെ എണ്ണം 92 ആയി കുറയും. ഇഎസ്എ മേഖലയിൽ ഖനനം, ക്വാറി, മണൽ വാരൽ, താപോർജ്ജ നിലയം, 20,000 ചതുരശ്ര മീറ്റർ വിസതൃതിയുള്ള നിർമ്മാണങ്ങൾ, ചുവപ്പ് ഗണത്തിലുള്ള വ്യവസായങ്ങൾ എന്നിവയ്ക്ക പൂർണ്ണ നിരോധനമുണ്ട്.
നാലാമത്തെ കരട് വിജ്ഞാപനത്തിന്റെ കാലാവധി ഈ മാസം 31നാണ് അവസാനിക്കുക. അതിന് മുമ്പ് അന്തിമ വിജ്ഞാപനം ഇറക്കാനാണ് കേന്ദ്ര സർക്കാരിന്‍റെ ശ്രമം.

















