കണ്ണൂർ: തലശേരി ഗവൺമെന്റ് ജനറൽ ആശുപത്രിയിൽ (general hospital) മസ്തിഷ്‌ക മരണമടഞ്ഞ (brain death) അഞ്ചരക്കണ്ടി ചെറിയ വളപ്പ് മധുവനം സ്വദേശിനി പി വനജ ഇനി 5 പേരിലൂടെ ജീവിക്കും. അമ്പത്തിമൂന്നുകാരി വനജയുടെ കരൾ, 2 വൃക്കകൾ, 2 നേത്രപടലം എന്നിവയാണ് ദാനം ചെയ്തത്. കേരള സർക്കാരിന്റെ (kerala government) മരണാന്തര അവയവദാന പദ്ധതിയായ (organ donation) മൃതസഞ്ജീവനി (കെ.എൻ.ഒ.എസ് / Kerala Network for Organ Sharing ) വഴിയാണ് അവയവദാന പ്രക്രിയ നടത്തിയത്. കേരളത്തിൽ മെഡിക്കൽ കോളേജുകൾക്ക് പുറമെ ഒരു സർക്കാർ ജനറൽ ആശുപത്രിയിൽ ആദ്യമായാണ് മസ്തിഷ്‌ക മരണാനന്തര അവയവദാന പ്രക്രിയ വഴി അവയവം എടുത്തത്.
കഴിഞ്ഞ വെള്ളിയാഴ്ച രാത്രിയാണ് കിടക്കുന്ന സമയത്ത് ചില അസ്വസ്തകൾ കണ്ടതിനെ തുടർന്ന് വനജയെ കണ്ണൂരിലെ എകെജി ആശുപത്രിയിലെത്തിച്ചത്. പിന്നീട് കണ്ണൂരിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും ഗുരുതരാവസ്ഥയിലാകുകയായിരുന്നു. തുടർന്നാണ് തലശേരി ജനറൽ ആശുപത്രിയിൽ പ്രവേശിപ്പിത്. മസ്തിഷ്‌ക മരണമടഞ്ഞ വനജയുടെ ബന്ധുക്കൾ അവയവദാനത്തിന് തയ്യാറാകുകയായിരുന്നു. ഭർത്താവ് രാജനും രഹിൽ(26), ജിതിൻ (24) എന്നീ രണ്ട് ആൺമക്കളും അടങ്ങുന്നതാണ് വനജയുടെ കുടുംബം.
ജനറൽ ആശുപത്രി സൂപ്രണ്ട് ഡോ. ആശാ ദേവിയാണ് അവയവദാന പ്രക്രിയയ്ക്ക് മുൻകൈയ്യെടുത്തത്. കെ.എൻ.ഒ.എസ്. നോഡൽ ഓഫീസർ ഡോ. നോബിൾ ഗ്രേഷ്യസിന്റെ നേതൃത്വത്തിലുള്ള സംഘമാണ് അവയവദാന പ്രക്രിയ പൂർത്തീകരിച്ചത്. ഡി.എം.ഒ. ഡോ. നാരായൺ നായിക്, കെ.എൻ.ഒ.എസ്. നോർത്ത് സോൺ റീജിയണൽ കോ-ഓർഡിനേറ്റർ ഡോ. ശ്രീലത എന്നവരുടെ കൂടി ശ്രമഫലമായാണ് ഈ അവയവദാനം നടന്നത്.
വളരെ വിഷമകരമായ അന്തരീക്ഷത്തിലും അവയവദാനത്തിന് മുന്നോട്ട് വന്ന ഭർത്താവ് രാജനേയും കുടുംബാംഗങ്ങളേയും ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജ് ആദരവറിയിച്ചു.

















