കുറച്ചു സിനിമകളിലെ അഭിനയത്തിലൂടെ തന്നെ ആരാധകരുടെ മനം കവർന്ന താരമാണ് നിത്യാ ദാസ്. വിവാഹത്തിന് ശേഷം സിനിമയോട് ഗുഡ് ബൈ പറഞ്ഞ താരം ഇപ്പോൾ തിരിച്ചുവരവിന് ഒരുങ്ങുകയാണ്. ‘പള്ളിമണി’ എന്ന ചിത്രത്തിലൂടെയാണ് നിത്യാ ദാസ് തിരിച്ചുവരാൻ ഒരുങ്ങുന്നത്. നിത്യ തന്നെയാണ് ഈ സന്തോഷവാർത്ത ആരാധകരെ അറിയിച്ചത്.
എൻ്റെ പുതിയ സിനിമയ്ക്ക് നിങ്ങളുടെ അനുഗ്രഹം വേണം എന്ന അടിക്കുറിപ്പിലാണ് നിത്യാ ദാസ് പോസ്റ്റർ പുറത്തുവിട്ടത്. കന്യാസ്ത്രിയുടെ വേഷം ധരിച്ച പ്രായമയ സ്ത്രീയെ ആണ് പോസ്റ്ററിൽ കാണുന്നത്. എന്തായാലും നിരവധി പേരാണ് താരത്തിന് ആശംസകളുമായി എത്തിയത്. നടി മന്യയും കമന്റുമായി എത്തി.
അനില്‍ കുമ്പഴയാണ് ചിത്രം സംവിധാനം ചെയ്യുന്നത്. സൈക്കോ ഹൊറര്‍ വിഭാഗത്തിൽപ്പെടുന്ന ചിത്രത്തിൽ താരത്തിൻ്റെ കഥാപാത്രത്തെക്കുറിച്ച് കൂടുതൽ വിവരങ്ങൾ വ്യക്തമല്ല. ശ്വേതാ മേനോനും ചിത്രത്തില്‍ ഒരു പ്രധാന കഥാപാത്രമായുണ്ടെന്നാണ് റിപ്പോര്‍ട്ട്. അനിയൻ ചിത്രശ്രാലയാണ് ചിത്രത്തിൻ്റെ ഛായാഗ്രാഹണം നിര്‍വഹിക്കുന്നത്. സജീഷ് താമരശേരിയാണ് ചിത്രത്തിൻ്റെ ആര്‍ട് ഡയറക്ടര്‍.
‘ഈ പറക്കുംതളിക’യെന്ന ചിത്രത്തിലൂടെയാണ് നിത്യാ ദാസ് സിനിമയിലേക്ക് അരങ്ങേറ്റം കുറിക്കുന്നത്. അരവിന്ദ് സിംഗുമായുള്ള വിവാഹത്തിന് ശേഷമാണ് അഭിനയത്തില്‍ നിന്ന് വിട്ടുനിന്നത്. അടുത്തിടെ സോഷ്യൽ മീഡിയയിൽ നിറഞ്ഞു നിൽക്കുകയാണ് താരം. മകൾക്കൊപ്പമുള്ള താരത്തിൻ്റെ വിഡിയോകളെല്ലാം വൈറലാവാറുണ്ട്. അതിന് പിന്നാലെയാണ് സിനിമയിലേക്കുള്ള മടങ്ങിവരവ്.
















