പാലക്കാട്: ആർഎസ്എസ് പ്രവർത്തകൻ സഞ്ജിത്തിന്റെ കൊലപാതകത്തിൽ ഒരാൾ കൂടി അറസ്റ്റിൽ. കേസിലെ മൂന്നാമത്തെ അറസ്റ്റാണിത്. കൊലപാതകത്തിലെ പ്രതികളെ രക്ഷപ്പെടാൻ സഹായിച്ചയാളാണ് പിടിയിലായതെന്ന് പോലീസ് അറിയിച്ചു.
അറസ്റ്റിലായത് ഒറ്റപ്പാലം സ്വദേശിയായ പോപ്പുലർ ഫ്രണ്ട് പ്രവർത്തകനാണ്. നേരത്തെ വെട്ടേറ്റ എസ്.ഡിപി.ഐ പ്രവർത്തകൻ സക്കീർ ഹുസൈന്റെ ബന്ധുകൂടിയാണ് ഇയാൾ. ഇയാൾക്ക് ഗൂഢാലോചനയിലും പങ്കുണ്ടെന്നാണ് പൊലീസ് പറയുന്നത്. കൂടുതൽ വിവരങ്ങൾ പോലീസ് പുറത്ത് വിട്ടിട്ടില്ല.
കേസിൽ പാലക്കാട് സ്വദേശി സുബൈർ, നെന്മാറ സ്വദേശികളായ സലാം, ഇസ്ഹാക്ക് എന്നിവരാണ് ഇതുവരെ പിടിയിലായിട്ടുള്ളത്.
നേരത്തെ, കൊലപാതകത്തിൽ എട്ട് പേർക്ക് നേരിട്ട് പങ്കെന്ന് റിമാൻഡ് റിപ്പോർട്ട് പുറത്തുവന്നിരുന്നു. അഞ്ചു പേർ ചേർന്ന് സഞ്ജിത്തിനെ കൊലപ്പെടുത്തിയെന്നും മൂന്ന് പേർ പ്രതികളെ രക്ഷപ്പെടാൻ സഹായിച്ചെന്നും ആദ്യം പിടിയിലായ പ്രതി പൊലീസിനോട് സമ്മതിച്ചു.രാഷ്ട്രീയ വിരോധമാണ് കൊലപാതകത്തിന് കാരണമെന്നും റിമാൻഡ് റിപ്പോർട്ടിൽ പറയുന്നു.

















