ബംഗളൂരു: കർണാടകയിൽ എത്തിയ ദക്ഷിണാഫ്രിക്കൻ സ്വദേശിക്ക് ബാധിച്ച കോവിഡ് വൈറസ് വകഭേദം സ്ഥിരീകരിക്കാൻ കഴിയാതെ കർണാടക. ഇതുവരെ രാജ്യത്ത് കാണാത്ത വകഭേദമാണെന്ന് കർണാടക ആരോഗ്യവകുപ്പ് അറിയിച്ചു. ഒമിക്രോൺ വകഭേദമാണോ എന്നതിൽ വ്യക്തത വരുത്തുന്നതിന് വേണ്ടി കർണാടക സര്‍ക്കാര്‍ ഐസിഎംആറിന്റെ സഹായം തേടി.
നവംബർ ഒന്നു മുതൽ 26 വരെ ദക്ഷിണാഫ്രിക്കയിൽ നിന്നും എത്തിയ 94 പേരെ പരിശോധനയ്ക്കു വിധേയമാക്കിയപ്പോഴാണ് രണ്ട് പേർ കോവിഡ് പോസിറ്റീവായത്. ഇതില്‍ ഒരാളെ ബാധിച്ചിരിക്കുന്നത് ഡെല്‍റ്റ വകഭേദമാണെന്ന് കണ്ടത്തി. എന്നാല്‍ ഡെല്‍റ്റ വൈറസില്‍ നിന്ന് വ്യത്യസ്തമായ വകഭേദമാണ് മറ്റേയാളെ ബാധിച്ചിരിക്കുന്നത്.
ഐസിഎംആറിന്റെ പരിശോധനയ്ക്ക് ശേഷമേ വൈറസ് വകഭേദത്തെക്കുറിച്ച് സ്ഥിരീകരണം നൽകാൻ കഴിയൂവെന്ന് കർണാടക അറിയിച്ചു. 63 കാരനുമായി സമ്പർക്കത്തിൽ വന്ന മുഴുവൻ പേരെയും പരിശോധിക്കുമെന്നും നിരീക്ഷണത്തിലാക്കുമെന്നും സർക്കാർ അറിയിച്ചു.
ദക്ഷിണാഫ്രിക്ക, ബോസ് വാന, ഹോങ്കോങ് രാജ്യങ്ങളിൽ നിന്നുള്ളവർക്ക് യാത്ര വിലക്ക് ഏർപ്പെടുത്തണമെന്നും കർണാടക ആവശ്യപ്പെട്ടു. അതേസമയം, ഒമിക്രോൺ സാന്നിധ്യം കണ്ടെത്തിയ രാജ്യങ്ങളെ ഇന്ത്യ ഹൈറിസ്ക് വിഭാഗത്തിൽ ഉൾപ്പെടുത്തി.
ഹൈ-റിസ്ക് രാജ്യങ്ങൾ
യു.കെ ഉൾപ്പെടെയുള്ള യൂറോപ്യൻ രാജ്യങ്ങൾ
ദക്ഷിണാഫ്രിക്ക
ബ്രസീൽ
ബംഗ്ലാദേശ്
ബോട്സ്വാന
ചൈന
മൗറീഷ്യസ്
ന്യുസീലൻഡ്
സിംബാവേ
സിംഗപ്പൂർ
ഹോങ്ങ് കോങ്ങ്
ഇസ്രായേൽ