കൊച്ചി: കൊച്ചിയിൽ മോഡലുകൾ ദുരൂഹ സാഹചര്യത്തിൽ വാഹനാപകടത്തിൽ മരിച്ച കേസിൽ ഫോർട്ടുകൊച്ചി നമ്പർ 18 ഹോട്ടലിൽ ഡി.ജെ. പാർട്ടിയിൽ പങ്കെടുത്തവരെക്കുറിച്ച് സൈജു വിവരങ്ങൾ കൈമാറിയിട്ടുണ്ട്. സൈജുവിന്റെ സുഹൃത്തുക്കളാണ് പലരും. ഇവരെ അന്വേഷണസംഘം വിളിച്ചുവരുത്തി ചോദ്യം ചെയ്യും.
മോഡലുകളെ പിന്തുടർന്ന സൈജുവിന്റെ ഓഡി കാറും ക്രൈംബ്രാഞ്ച് കസ്റ്റഡിയിലെടുത്തു. ഇന്റീരിയർ ഡിസൈനറായ സൈജുവിന്റെ കാക്കനാട്ടെ ഓഫീസിൽ നിന്നാണ് കാർ കണ്ടെടുത്തത്. 20 ലക്ഷം രൂപയ്ക്ക് തൃശ്ശൂർ സ്വദേശിയിൽ നിന്നും സൈജു വാങ്ങിയ കാറിന്റെ ഉടമസ്ഥാവകാശം കൈമാറിയിട്ടില്ലെന്ന് അന്വേഷണ സംഘം കണ്ടെത്തി.
സൈജു കൊച്ചിയിലും സംസ്ഥാനത്തിന് പുറത്തുമായി വിവിധ ഇടങ്ങളിൽ ഡിജെ പാർട്ടിയിൽ പങ്കെടുക്കാറുള്ളതായും ക്രൈംബ്രാഞ്ച് കണ്ടെത്തിയിട്ടുണ്ട്. ഈ പാർട്ടികളെ കുറിച്ചുള്ള കൂടതൽ വിവരങ്ങളും അന്വേഷണ സംഘം പരിശോധിക്കും. പ്രാഥമിക അന്വേഷണത്തിൽ സൈജു മയക്കുമരുന്ന് ഇടപാടുമായി ബന്ധപ്പെട്ടിട്ടുള്ളതായി കണ്ടെത്തിയതിനാൽ ഇയാൾ പങ്കെടുത്ത പാർട്ടികളിൽ ലഹരി വസ്തുക്കളുടെ ഉപയോഗം ഉണ്ടായിരുന്നോ എന്ന് ക്രൈംബ്രാഞ്ച് അന്വേഷിക്കും.
സൈജുവിന്റെ മൊബൈലിൽ നിന്നും ലഭിച്ച ഫോട്ടോകളിലുള്ളവരെ കുറിച്ചും അന്വേഷിക്കും. ഫോണിൽ നിരവധി സ്ത്രീകളുടെ ഫോട്ടോകളടക്കമുണ്ട്.സൈജു മോഡലുകളെ പിന്തുടർന്നതിനെ കുറിച്ചുള്ള അന്വേഷണം അവസാനഘട്ടത്തിലാണ്. ഇയാളുമായി ബന്ധമുള്ളവരെക്കുറിച്ചുള്ള അന്വേഷണമാകും ക്രൈംബ്രാഞ്ച് ഇനി നടത്തുന്നത്.

















