ന്യൂഡൽഹി;പാർലമെന്‍റിന്‍റെ ശീതകാല സമ്മേളനത്തിന് ഇന്ന് തുടക്കമാവും. വിവാദമായ മൂന്നു കാർഷിക നിയമങ്ങൾ പിൻവലിക്കുന്നതടക്കം 26 പുതിയ ബില്ലുകൾ സഭയിൽ വരും. സഭാ സമ്മേളനത്തിന്‍റെ ആദ്യ ദിനമായ ഇന്ന് മൂന്നു കാർഷിക നിയമങ്ങൾ പിൻവലിക്കുന്ന ബില്ല് സഭയിൽ അവതരിപ്പിക്കും.
പണപ്പെരുപ്പം, വിലക്കയറ്റം, ഇന്ധനവില വർധനവ്, കർഷക സമരം, ലഖിംപൂർ കർഷക കൊലപാതകം ചൈനയുടെ കടന്നുകയറ്റം അടക്കം പ്രതിപക്ഷം ഈ സമ്മേളന കാലത്ത് ഉയർത്താൻ പോകാൻ നിരവധി വിഷയങ്ങളാണ്. ഇന്നലെ ചേർന്ന സർവകക്ഷി യോഗത്തിൽ കേന്ദ്രത്തിനെ പ്രതിരോധത്തിലാക്കുമെന്ന വ്യക്തമായ സൂചനയും പ്രതിപക്ഷം നൽകി. കോവിഡ് നഷ്ടപരിഹാരവും കർഷകർക്കുള്ള ധനസഹായവും പ്രതിപക്ഷം സഭയിൽ ആവശ്യപ്പെടും.
വിവാദമായ മൂന്ന് കാർഷിക നിയമം റദ്ദാക്കേണ്ടി വന്ന സാഹചര്യം കൃഷിമന്ത്രി ഇന്ന് ലോക്സഭയിൽ വിശദീകരിക്കും. നിയമം പിൻവലിക്കാനുള്ള ബിൽ ചർച്ച ചെയ്ത് പാസാക്കണമെന്ന് പ്രതിപക്ഷവും ആവശ്യപ്പെട്ടേക്കും.