ബെംഗളൂരു : കൊവിഡിൻറെ (covid 19) പുതിയ വകഭേദമായ ഒമിക്രോൺ (Omicron) ഭീതിയിൽ നിയന്ത്രണങ്ങൾ കടുപ്പിക്കുകയാണ് കർണാടകം (Karnataka). വിദേശത്ത് നിന്ന് കർണാടകയിലെത്തുന്നവർക്ക് 10 ദിവസം ക്വാറൻറീൻ പ്രഖ്യാപിച്ചു. ഈ മാസം ഒന്നുമുതൽ വിദേശത്ത് നിന്നെത്തിയവരെ എല്ലാം വീണ്ടും പരിശോധിക്കും. പത്ത് ദിവസത്തിന്റെ ഇടവേളകളിൽ തുടർ പരിശോധനകൾക്ക് നിർദേശം നൽകിയിട്ടുണ്ട്. ബെംഗളൂരുവിലെത്തിയ രണ്ട് ആഫ്രിക്കൻ സ്വദേശികൾക്ക് ഒമ്രികോൺ വകഭേദദമില്ലെന്ന് സ്ഥിരീകരിച്ചു. ഈ മാസം 20 ന് ബെംഗളൂരു വിമാനത്താവളത്തിലെത്തിയ ഇരുവർക്കും കൊവിഡ് സ്ഥിരീകരിച്ചിരുന്നു. എന്നാൽ വിശദമായ പരിശോധനയിൽ പുതിയ വകഭേദമല്ലെന്ന് വ്യക്തമായി. മുൻകരുതൽ നടപടികളുടെ ഭാഗമായി വിമാനത്താവളങ്ങളിൽ കർശന പരിശോധന നടത്താനാണ് സർക്കാർ തീരുമാനം. ഐടി പാർക്കുകളിലടക്കം ജോലിക്കെത്തുന്നവർക്ക് രണ്ട് ഡോസ് വാക്സിനേഷൻ സർട്ടിഫിക്കറ്റ് നിർബന്ധമാക്കി. ആൾക്കൂട്ടം ഉണ്ടാകുന്ന പരിപാടികൾക്ക് എല്ലാം വിലക്ക് ഏർപ്പെടുത്തി.
അതേസമയം കൂടുതൽ രാജ്യങ്ങളിൽ ഒമിക്രോൺ സാന്നിധ്യം സ്ഥിരീകരിച്ചതോടെ അന്താരാഷ്ട്ര യാത്രാ നിയന്ത്രണങ്ങൾ നീക്കാനുള്ള തീരുമാനം പുനപരിശോധിക്കാനുള്ള നീക്കത്തിലാണ് കേന്ദ്ര സർക്കാർ. വിമാനത്താവളങ്ങളിൽ ഉൾപ്പടെ പരിശോധന കർശനമാക്കാൻ ആരോഗ്യ മന്ത്രാലയം സംസ്ഥാനങ്ങൾക്ക് നിർദേശം നൽകിയിട്ടുണ്ട്. ജാഗ്രതാ നിർദേശം ലഭിച്ചതിന് പിന്നാലെ വിവിധ സംസ്‌ഥാനങ്ങളും വിദേശ യാത്രക്കാർക്ക് നിയന്ത്രണങ്ങൾ ഏർപ്പെടുത്തി. ഗുജറാത്ത്, മഹാരാഷ്ട്ര, ദില്ലി തുടങ്ങിയ ഇടങ്ങളിൽ എല്ലാം നിയന്ത്രണങ്ങൾ കടുപ്പിച്ചു. ഇതിന് പുറമെ മുംബൈ വിമാനത്താവളത്തിൽ ദക്ഷിണാഫ്രിക്കയിൽ നിന്നും എത്തുന്നവർക്ക് ക്വാറൻറീനും ഏർപ്പെടുത്തി.