ന്യൂഡൽഹി; 21ാമത് ഇന്ത്യ- റഷ്യ വാർഷിക ഉച്ചകോടിയിൽ പങ്കെടുക്കുന്നതിന് വേണ്ടി റഷ്യൻ പ്രസിഡന്റ് വ്‌ളാഡിമിർ പുടിൻ അടുത്ത മാസം ഇന്ത്യ സന്ദർശിക്കും.ഉച്ചകോടിയിൽ പങ്കെടുക്കാൻ പ്രധാനമന്ത്രിയ്‌ക്ക് പുറമേ റഷ്യൻ വിദേശകാര്യമന്ത്രി സെർജി ലെവ്‌റോവ്, പ്രതിരോധമന്ത്രി സെർജേയ് ഷോയിഗു എന്നിവരും ഇന്ത്യയിൽ എത്തും. കേന്ദ്രവിദേശകാര്യമന്ത്രി ഡോ.എസ് ജയ്ശങ്കറുമായി സെർജി ലെവ്‌റോവും, കേന്ദ്രപ്രതിരോധമന്ത്രി രാജ്‌നാഥ് സിംഗുമായി സെർജേയ് ഷോയിഗുവും കൂടിക്കാഴ്ച നടത്തും.
മൂന്ന് വർഷങ്ങൾക്ക് ശേഷമാണ് ഉച്ചകോടിയിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിയും, വ്‌ളാഡിമിർ പുടിനും തമ്മിൽ കൂടിക്കാഴ്ച നടത്തുന്നത്. 2019 നവംബറിൽ നടന്ന ബ്രിക്‌സ് സമ്മേളനമായിരുന്നു ഇരുവരും ഒന്നിച്ച അവസാന വേദി. ഇന്ത്യയിലെത്തുന്ന വ്‌ളാഡിമിർ പുടിൻ നരേന്ദ്ര മോദിയുമായി ചേർന്ന് ഉഭയകക്ഷി വിഷയങ്ങൾ ചർച്ച ചെയ്യും. ഇരു രാജ്യങ്ങളുടെയും ബന്ധം കൂടുതൽ മികവുറ്റതാക്കുന്നതു സംബന്ധിച്ച കാര്യങ്ങളും ചർച്ച ചെയ്യും.