ന്യൂഡല്‍ഹി: മഹാരാഷ്ട്ര രാഷ്ട്രീയത്തില്‍ പുതിയ വിവാദത്തിന് തിരികൊളുത്തി കേന്ദ്ര മന്ത്രി നാരായണ്‍ റാണെ (Narayan Rane). മാര്‍ച്ച് മാസത്തോടെ മഹാരാഷ്ട്രയില്‍ ബി.ജെ.പി. അധികാരത്തില്‍ എത്തുമെന്ന പരാമര്‍ശമാണ് വിവാദത്തിന് കാരണമായിരിക്കുന്നത്. സംസ്ഥാനത്ത് നിയമസഭ തിരഞ്ഞെടുപ്പ് നടക്കാന്‍ രണ്ടുവര്‍ഷം ബാക്കിനില്‍ക്കെയാണ് ബി.ജെ.പി അധികാരമേറ്റെടുക്കുമെന്ന റാണെയുടെ പ്രഖ്യാപനം.
നിലവിലെ സര്‍ക്കാറിനെ തകര്‍ക്കുമെന്നും പുതിയ സര്‍ക്കാര്‍ രൂപീകരിക്കുമെന്നും ചില കാര്യങ്ങള്‍ ഇപ്പോള്‍ രഹസ്യമാണെന്നും അദ്ദേഹം പറഞ്ഞു. മഹാരാഷ്ട്രയില്‍ ശിവസേന-എന്‍സിപി-കോണ്‍ഗ്രസ് സഖ്യമാണ് ഭരിക്കുന്നത്.
മഹാരാഷ്ട്ര മുഖ്യമന്ത്രി ഉദ്ദവ് താക്കറെയെ അടിക്കണമെന്ന് പരസ്യമായി പറഞ്ഞതിന് നാരായണ്‍ റാണെയെ അറസ്റ്റ് ചെയ്തിരുന്നു. പിന്നീട് ജാമ്യത്തിലിറങ്ങി. കഴിഞ്ഞ 20 വര്‍ഷത്തിനിടെ ആദ്യമായിട്ടാണ് ഒരു കേന്ദ്രമന്ത്രിയെ അറസ്റ്റ് ചെയ്ത് പൊലീസ് കസ്റ്റഡിയില്‍ എടുക്കുന്നത്.
മുന്‍ ശിവസേന നേതാവ് കൂടിയാണ് രണ്ടാംമോദി സര്‍ക്കാരിലെ സൂക്ഷ്മ-ചെറുകിട-ഇടത്തരം വ്യവസായ വകുപ്പു മന്ത്രിയായ റാണെ. 2005ല്‍ ശിവസേന വിട്ട റാണെ 2017 വരെ കോണ്‍ഗ്രസില്‍ തുടര്‍ന്നു. പിന്നീട് മഹാരാഷ്ട്ര സ്വഭിമാന്‍ പക്ഷം എന്ന പാര്‍ട്ടിയുണ്ടാക്കി. 2019ല്‍ ബിജെപിയിലേക്ക് ചേക്കേറിയ റാണെ തന്റെ പാര്‍ട്ടിയെ ബിജെപിയില്‍ ലയിപ്പിക്കുകയും ചെയ്തു.