ഹൈദരാബാദ്: പെൻസിൽ തർക്കത്തിൽ നീതി തേടി പ്രൈമറി സ്കൂൾ വിദ്യാർഥികൾ പൊലീസ് സ്റ്റേഷനിൽ. ആന്ധ്രപ്രദേശിലെ കുർണൂലിലാണ് സംഭവം. പെൻസിൽ കാണാതായതുമായി ബന്ധപ്പെട്ട തർക്കത്തെ തുടർന്ന് പരാതി നൽകാൻ പൊലീസ് സ്റ്റേഷനിലെത്തുകയായിരുന്നു ഒരു സംഘം കുരുന്നുകൾ.
വിദ്യാർഥികൾ പരാതി നൽകാൻ പൊലീസ് സ്റ്റേഷനിലെത്തിയ വിഡിയോ ആന്ധ്ര പ്രദേശ് പൊലീസ് ട്വിറ്ററിൽ പങ്കുവെച്ചു. പെഡകടുബുരു പൊലീസ് സ്റ്റേഷനിൽ വിദ്യാർഥികൾ പരാതി പറയുന്നത് വിഡിയോയിൽ കാണാം.
പ്രൈമറി സ്കൂൾ വിദ്യാർഥികൾ പോലും ആന്ധ്രപ്രദേശ് പൊലീസിനെ വിശ്വസിക്കുന്നുവെന്ന അടിക്കുറിപ്പോടെയാണ് പൊലീസ് ട്വിറ്ററിൽ വിഡിയോ പങ്കുവെച്ചിരിക്കുന്നത്.
സഹപാഠി പെൻസിൽ വാങ്ങിയ ശേഷം തിരികെ നൽകിയില്ലെന്ന് ഒരു കുട്ടി പറയുന്നത് വിഡിയോയിൽ കാണാം. ഇതോടെ പൊലീസ് ഇരുവരോടും കാര്യങ്ങൾ ചോദിക്കുന്നതും കുട്ടികൾ അവ വിശദീകരിക്കുന്നതും വിഡിയോയിലുണ്ട്. പെൻസിൽ മോഷണത്തിന് കേസ് രജിസ്റ്റർ ചെയ്യണമെന്നാണ് ഒരു കുട്ടിയുടെ ആവശ്യം. ഇരുവരുടെയും പിറകിൽ പ്രശ്ന പരിഹാരത്തിനായി സ്റ്റേഷനിലെത്തിയ മറ്റു കുട്ടികളെയും കാണാം.
രണ്ടു പൊലീസുകാർ സംഭവത്തിൽ ഇടപെട്ട ശേഷം പ്രശ്ന പരിഹാരത്തിന് ശ്രമിക്കുന്നതും വിഡിയോയിലുണ്ട്. വിഡിയോയുടെ അവസാനം പ്രശ്നം ഒത്തുതീർപ്പാക്കിയ ശേഷം കൈകൊടുക്കുന്നതും കാണാം. കുട്ടികൾ പൊലീസ് സ്റ്റേഷനിൽ പരാതി പറയാനെത്തിയ വിഡിയോ നിരവധിപേരാണ് കണ്ടത്.
Even Primary School Children trust #APPolice:
There is a paradigm shift in the attitude,behaviour&sensitivity of AP Police in way of giving confidence& reassurance to the people of #AP
AP Police stays as No1 in #SMARTPolicing in the country in @IPF_ORG Survey 2021 only testifies pic.twitter.com/Zs7CQoqqOI— Andhra Pradesh Police (@APPOLICE100) November 25, 2021