ലോകമെമ്പാടും പ്രായഭേദമന്യെ ആരാധകരെ സൃഷ്ടിച്ച ചിത്രമായിരുന്നു സ്റ്റീവൻ സ്പിൽബർഗിൻറെ ജുറാസിക് പാർക്ക് (1993). ഈ സിരീസിൽ മൂന്ന് ചിത്രങ്ങളും പിന്നീടെത്തിയ ജുറാസിക് വേൾഡ് സിരീസിൽ രണ്ട് ചിത്രങ്ങളുമാണ് ഇതുവരെ ഇറങ്ങിയിട്ടുള്ളത്. ജുറാസിക് വേൾഡ് സിരീസിലെ മൂന്നാം ചിത്രമായ ‘ജുറാസിക് വേൾഡ്: ഡൊമിനിയൻ’ (Jurassic World: Dominion) ആണ് ഇനി പ്രേക്ഷകരിലേക്ക് എത്താനുള്ളത്. അടുത്ത വർഷം തിയറ്ററുകളിൽ എത്താനിരിക്കുന്ന ചിത്രത്തിൻറെ ഒരു പുതിയ ട്രെയ്ലർ പുറത്തുവിട്ടിരിക്കുകയാണ് വിതരണക്കാരായ യൂണിവേഴ്സൽ പിക്ചേഴ്സ്. ചിത്രത്തിൻറെ പുറത്തെത്തിയിരിക്കുന്ന പ്രൊലോഗ് ട്രെയ്ലറിന് അഞ്ചര മിനിറ്റ് ദൈർഘ്യമുണ്ട്.
ആറരക്കോടി വർഷങ്ങൾക്കു മുൻപുള്ള ദിനോസർ ലോകത്തിലേക്ക് വാതിൽ തുറക്കുന്ന ദൃശ്യങ്ങൾ ട്രെയ്ലറിലുണ്ട്. ചിത്രത്തിൻറെ പ്ലോട്ടിനെക്കുറിച്ച് ഔദ്യോഗിക വിവരങ്ങളൊന്നും പുറത്തുവന്നിട്ടില്ലെങ്കിലും ജുറാസിന് വേൾഡ് സിരീസിലെ കഴിഞ്ഞ ചിത്രമായ ‘ഫോളൻ കിംഗ്ഡ’ത്തിലെ കഥാപശ്ചാത്തലത്തിനു പിന്നാലെ നടക്കുന്ന സംഭവങ്ങളാണെന്ന് കരുതപ്പെടുന്നു. ക്ലോണിംഗിലൂടെ സൃഷ്ടിക്കപ്പെടുന്ന ദിനോസറുകൾ മനുഷ്യജീവിതത്തിൽ സൃഷ്ടിക്കുന്ന ഭീതിയാണ് പുതിയ ചിത്രത്തിൻറെ പ്ലോട്ടെന്നാണ് ആരാധകരിൽ പലരും കരുതുന്നതെന്ന് സോഷ്യൽ മീഡിയ പ്രതികരണങ്ങൾ തെളിയിക്കുന്നു.
കോളിൻ ട്രെവൊറോവ് സംവിധാനം ചെയ്തിരിക്കുന്ന ചിത്രത്തിൻറെ തിരക്കഥ സംവിധായകനൊപ്പം എമിലി കാർമൈക്കളും ചേർന്നാണ് എഴുതിയിരിക്കുന്നത്. ആംബ്ലിൻ എൻറർടെയ്ൻമെൻറ് ആണ് നിർമ്മാണം. ക്രിസ് പാറ്റ്, ബ്രൈസ് ഡല്ലാസ് ഹൊവാർഡ്, സാം നീൽ, ലൗറ ഡേൺ എന്നിവരാണ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.