മുംബൈ: ഇന്ത്യന്‍ ക്രിക്കറ്റ് ടീമിന്റെ ഭക്ഷണ മെനുവില്‍ ഹലാല്‍ മാംസം നിര്‍ബന്ധമാക്കി ബിസിസിഐ. കാണ്‍പുരില്‍ നടക്കുന്ന ന്യൂസീലന്‍ഡിനെതിരായ ഒന്നാം ടെസ്റ്റിനുള്ള ഭക്ഷണ മെനുവിലാണ് ബിസിസിഐ താരങ്ങള്‍ക്ക് ഹലാല്‍ ഭക്ഷണം ഏർപ്പെടുത്തിയത്. ഇതോടൊപ്പം ബീഫും പന്നിയിറച്ചിയും കഴിക്കരുതെന്നും നിര്‍ദേശമുണ്ടെന്നും ദേശീയ മാധ്യമമായ എന്‍ഡിടിവിയുടെ റിപ്പോര്‍ട്ടില്‍ പറയുന്നു.
വരാനിരിക്കുന്ന ഐസിസി ടൂര്‍ണമെന്റുകള്‍ക്ക് മുന്നോടിയായാണ് മെനു പുതുക്കല്‍. താരങ്ങള്‍ക്ക് പോഷകാഹാരം ഉറപ്പുവരുത്തുന്നതിനായി പുറത്തിറക്കിയ മെനുവിലാണ് ഹലാല്‍ മാംസം നിര്‍ബന്ധമാക്കിയിരിക്കുന്നത്.
ഇന്ത്യന്‍ ടീമിന്റെ ‘കാറ്ററിങ് റിക്വയര്‍മെന്റ്സിന്റേയും മെനുവിന്റേയും’ ചിത്രവും എന്‍ഡിടിവി പങ്കുവെച്ചിട്ടുണ്ട്. ഇതില്‍ പ്രധാനപ്പെട്ട നിര്‍ദേശം എന്ന നിലയിലാണ് ഹലാല്‍ ഭക്ഷണത്തിന്റേയും ബീഫിന്റേയും പന്നിയിറച്ചിയുടേയും കാര്യം സൂചിപ്പിക്കുന്നത്.
വിഷയത്തില്‍ ബിസിസിഐയ്ക്കെതിരേ സോഷ്യല്‍ മീഡിയയില്‍ നിരവധി പോസ്റ്റുകള്‍ പ്രത്യക്ഷപ്പെട്ടു. #BCCIPromotesHalal എന്ന ഹാഷ്ടാഗില് ഇതുമായി ബന്ധപ്പെട്ട് നിരവധി ട്വീറ്റുകളാണ് പ്രത്യക്ഷപ്പെട്ടത്. ഹലാല്‍ ഭക്ഷണം നിര്‍ബന്ധമാക്കിയ ബിസിസിഐയ്ക്കെതിരേ പ്രതിഷേധിക്കുന്നു എന്ന തരത്തിലാണ് മിക്ക ട്വീറ്റുകളും.
അതേസമയം ബിസിസിഐ ഇക്കാര്യത്തില്‍ പ്രതികരിച്ചിട്ടില്ല. ബിജെപി നേതാവ് ഗൗരവ് ഗോയലടക്കമുള്ളവര്‍ ബിസിസിഐയുടെ നീക്കത്തിനെതിരെ രംഗത്തെത്തിയിട്ടുണ്ട്.