തൃശൂർ: തൃശൂര്‍ പാലിയേക്കര ടോള്‍ പ്ലാസയില്‍ പാത നിര്‍മ്മാണത്തിന് ചെലവായതിനേക്കള്‍ 236 കോടി രൂപ കരാര്‍ കമ്പനി ഇതിനകം പിരിച്ചെടുത്തതായി കണക്കുകള്‍. ടോള്‍ പിരിവിന്റെ കാലാവധി തീരാൻ ഇനിയും ഏഴ് വര്‍ഷം ബാക്കി നില്‍ക്കെ ചെലവായതിന്റെ 10 മടങ്ങ് തുക കമ്പനിക്ക് നേടാനാകുമെന്ന് വിവരാവകാശ നിയമപ്രകാരമുളള രേഖകള്‍ ചൂണ്ടിക്കാട്ടുന്നു.
ദിനം പ്രതി പാലിയേക്കര ടോള്‍ പ്ലാസയിലൂടെ കടന്നു പോകുന്നത് 45,000 വാഹനങ്ങളാണ്. അതായത് ഓരോ ദിവസവും ഇവിടെ നിന്ന് പിരിക്കുന്നത് ശരാശരി 30 ലക്ഷം രൂപയാണ്. ഇതിനകം 958.68 കോടി രൂപ പിരിച്ചെടുത്തു. ടോൾ പിരിവ് ഇനിയും തുടരുമെന്നതിനാൽ ചെലവായതിന്റെ പത്ത് മടങ്ങ് തുക കമ്പനിക്ക് നേടാനാകുമെന്നാണ് വിവരാവകാശ നിയമപ്രകാരമുളള രേഖകൾ ചൂണ്ടിക്കാട്ടുന്നത്.
2012 ഫെബ്രുവരി മുതലായിരുന്നു പാലിയേക്കരയിൽ ടോൾ പിരിവ് ആരംഭിച്ചത്. ടോൾ പ്ലാസ നടത്തിപ്പുകാരായ ഗുരുവായൂർ ഇൻഫ്രാസ്ട്രക്ച്ചർ പ്രൈവറ്റ് ലിമിറ്റഡ് കമ്പനിയും ദേശീയ പാത അതോറിറ്റിയും തമ്മിലുളള കരാർ പ്രകാരം 2028 ജൂലൈ 21 വരെ ഇനിയും ടോൾ പിരിക്കാനാകുമെന്നാണ് വിവരം. മണ്ണുത്തി-ഇടപ്പള്ളി നാലുവരി പാതയുടെ നിർമ്മാണത്തിന് ആകെ 721.17 കോടി രൂപയാണ് കമ്പനിക്ക് ചെലവായത്. മുടക്കുമുതലിനേക്കാൾ കൂടുതൽ തുക തിരിച്ചുകിട്ടിയ സാഹചര്യത്തിൽ കരാർ കാലാവധി കഴിയാൻ കാത്തുനിൽക്കാതെ ദേശീയപാത അതോറിറ്റി പാത ഏറ്റെടുക്കണമെന്നാണ് പൊതുപ്രവർത്തകരുടെയും നാട്ടുകാരുടെയും ആവശ്യം.
അതേസമയം ഇക്കഴിഞ്ഞ സെപ്റ്റംബറിലാണ് പുതുക്കിയ നിരക്ക് പാലിയേക്കര ടോൾ പ്ലാസയിൽ പ്രാബല്യത്തിൽ വന്നത്. അഞ്ച് രൂപ മുതൽ 50 രൂപ വരെയായിരുന്നു വർധന. കാർ, ജീപ്പ്, വാൻ വിഭാഗങ്ങൾക്ക് ഒരു വശത്തേക്ക് 75 രൂപയുണ്ടായിരുന്നത് 80 രൂപയാക്കി. ബസ്, ട്രക്ക് എന്നിവയുടെ ഒരു ദിശയിലേക്കുള്ള നിരക്ക് 255 രൂപയായിരുന്നത് 275 രൂപയായും ഉയർത്തിയിരുന്നു.