ന്യൂഡല്‍ഹി: സയ്യിദ് മുഷ്താഖ് അലി (Syed Mushtaq Ali)ടി20 കിരീടം തമിഴ്‌നാടിന്. നിലവിലെ ചാംപ്യന്മായ തമിഴ്‌നാട് കര്‍ണാടകയെ നാല് വിക്കറ്റിനാണ് തോല്‍പ്പിച്ചത്. അവസാന പന്തില്‍ സിക്‌സ് നേടി ഷാറുഖ് ഖാനാണ് (15 പന്തില്‍ 33) തമിഴ്‌നാടിനെ വിജയത്തിലേക്ക് നയിച്ചത്.
ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റ് ചെയ്ത കർണാടക നിശ്ചിത 20 ഓവറിൽ 7 വിക്കറ്റ് നഷ്ടപ്പെടുത്തിയാണ് 151 റൺസ് നേടിയത്. ടോപ്പ് ഓർഡർ പരാജയപ്പെട്ടപ്പോൾ അഭിനവ് മനോഹറിൻ്റെയും വാലറ്റക്കാരുടെയും പോരാട്ടമാണ് കർണാടകയെ ഭേദപ്പെട്ട സ്കോറിലെത്തിച്ചത്.
രോഹൻ കദം വേഗം മടങ്ങിയപ്പോൾ ക്യാപ്റ്റൻ മനീഷ് പാണ്ഡെ , കരുൺ നായർ , ബിആർ ശരത് എന്നിവരും നിരാശപ്പെടുത്തി. അഭിനവിനൊപ്പം പ്രവീൺ ദുബെ , ജഗദീശ സുചിത് എന്നിവരും കർണാടകത്തിനായി തിളങ്ങി.
തമിഴ്നാടിനായി സായ് കിഷോർ 4 ഓവറിൽ 12 റൺസ് മാത്രം വഴങ്ങി 3 വിക്കറ്റ് വീഴ്ത്തി. മലയാളി താരം സന്ദീപ് വാര്യര്‍ക്ക് ഒരു വിക്കറ്റുണ്ട്. ഇന്ത്യന്‍ താരം ടി നടരാജന്‍ നാല് ഓവറില്‍ 44 റണ്‍സ് വഴങ്ങി ഒരു വിക്കറ്റെടുത്തു.
മറുപടി ബാറ്റിംഗിൽ ഹരി നിശാന്ത് തമിഴ്നാടിന് തകർപ്പൻ തുടക്കം നൽകിയെങ്കിലും പിന്നീട് താളം നഷ്ടപ്പെട്ട അവർ മധ്യ ഓവറുകളിൽ പതറി. സായ് സുദർശൻ , വിജയ് ശങ്കർ, സഞ്ജയ് യാദവ് , എം മുഹമ്മദ് എന്നിവരൊക്കെ വേഗം മടങ്ങിയപ്പോൾ കർണാടക കിരീടം ഉറപ്പിച്ചു. എന്നാൽ, തുടർ ബൗണ്ടറികളുമായി തമിഴ്നാടിനെ മത്സരത്തിൽ നിലനിർത്തിയ ഷാരൂഖ് ഖാൻ ഒറ്റയ്ക്ക് മത്സരം വിജയിപ്പിക്കുകയായിരുന്നു.
അവസാന ഓവറിൽ 16 റൺസ് ആയിരുന്നു വിജയലക്ഷ്യം. പ്രതീക് ജെയിൻ എറിഞ്ഞ ഓവറിലെ അവസാന പന്തിൽ വിജയിക്കാൻ 5 റൺസ് വേണ്ടിയിരിക്കെ ഡീപ് സ്ക്വയർ ലെഗിലൂടെ സിക്സർ നേടിയ ഷാരൂഖ് തമിഴ്നാടിന് തുടർച്ചയായ രണ്ടാം കിരീടം സമ്മാനിച്ചു.
മൂന്നാം തവണയാണ് തമിഴ്‌നാട് സയ്യിദ് മുഷ്താഖ് അലി ജേതാക്കളാകുന്നത്. 2020ല്‍ ബറോഡയെ തോല്‍പ്പിച്ച് തമിഴ്‌നാട് കിരീടം നേടി. 2006ല്‍ ടൂര്‍ണമെന്റിന്റെ അരങ്ങേറിയപ്പോള്‍ തമിഴ്‌നാടിനായിരുന്നു കിരീടം.