കേരളത്തിന്റെ വിനോദസഞ്ചാരരംഗം അനുദിനം മാറ്റങ്ങളിലൂടെ കടന്നു പൊയ്ക്കൊണ്ടിരിക്കുകയാണ്. അടച്ചു കിടന്നിരുന്ന വിനോദ സഞ്ചാര കേന്ദ്രങ്ങള്‍ എല്ലാം തന്നെ വീണ്ടും സഞ്ചാരികള്‍ക്കായി തുറന്നു.
അതിലുപരിയായി പുത്തന്‍ സാധ്യതകളിലൂടെയാണ് കേരളത്തിന്റെ സഞ്ചാരം. കാരവന് ടൂറിസവും ഡെസ്റ്റിനേഷന്‍ വെഡ്ഡിങ്ങും പിന്നെ സ്റ്റേക്കേഷനും വര്‍ക് ഫ്രം ബീച്ചും ഒക്കെയായി സഞ്ചാരികളെ സംസ്ഥാനത്തെത്തിക്കുവാന്‍ ഇത് സഹായിക്കുമെന്നതില്‍ സംശയമില്ല.
വിദേശ രാജ്യങ്ങളില്‍ സര്‍വ്വ സാധാരണമായിരുന്ന വെഡ്ഡിങ് ഡെസ്റ്റിനേഷന്‍ കേരളത്തിനും സജീവമാകുന്ന സൂചനയാണ് ടൂറിസം രംഗത്തുനിന്നും കേള്‍ക്കുവാനുള്ളത്. സാധാരണ വരന്റെയോ വധുവിന്റെയോ വീട്ടില്‍ വെച്ചു നടത്തുന്ന ചടങ്ങളുകള്‍ക്കു പകരം ഇരുവീട്ടിലെയും ക്ഷണിക്കപ്പെട്ട അതിഥികള്‍ പ്രസിദ്ധമായ ഏതെങ്കിലും വിനോദ സഞ്ചാര കേന്ദ്രത്തില്‍ ഒത്തുകൂടി അവിടുത്തെ റിസോര്‍ട്ടില്‍ വിവാഹ ചടങ്ങുകള്‍ നടത്തുന്നതാണ് ലളിതമായി പറഞ്ഞാല്‍ വെഡ്ഡിങ് ഡെസ്റ്റിനേഷന്‍. പോകുന്ന ഇടത്തിന്റെ പ്രകൃതിഭംഗി ആസ്വദിച്ച് മൂന്നോ നാലോ ദിവസം ചിലവഴിച്ച് നടത്തുന്ന ആഘോഷമാണിത്.
കോവളം, ആലപ്പുഴ, തേക്കടി, കൊച്ചി, അഷ്ടമുടി കായല്‍, തുടങ്ങിയ ഇടങ്ങളാണ് കേരളത്തില്‍ വളര്‍ന്നു വരുന്ന ഡെസ്റ്റിനേഷന്‍ വെഡ്ഡിങ് കേന്ദ്രങ്ങള്‍.
നിലവിലെ കൊവിഡ് നിയന്ത്രണങ്ങള്‍ അനുസരിച്ച് വിവാഹത്തിലും മറ്റും പങ്കെടുക്കുന്ന ആളുകളുടെ എണ്ണത്തില്‍ നിയന്ത്രണം ഉള്ളതിനാല്‍ കുടുംബാംഗങ്ങളും ഡെസ്റ്റിനേഷന്‍ വെഡ്ഡിങില്‍ താല്പര്യം കാണിക്കുന്നുണ്ട്. റിസോര്‍ട്ടുകളും ഹോട്ടലുകളും മിക്കപ്പോഴും പാക്കേജും മികച്ച ഡീലുകളും അവതരിപ്പിക്കുന്നതും ഈ മേഖലയില്‍ ഗുണം ചെയ്യുന്നുണ്ട്.
.
യാത്രാ രംഗത്തെ മറ്റൊരു താരം സ്റ്റേക്കേഷനാണ്.വീട്ടില്‍ നിന്നും പുറത്തിറങ്ങുവാന്‍ പോലും സമയമില്ലാതെ പണിയെടുത്ത് ബോറടിച്ചവര്‍ താത്കാലിക ആശ്വാസത്തിനായി കുറച്ചു ദിവസം ഏതെങ്കിലും വിനോദ സഞ്ചാര കേന്ദ്രത്തിനു സമീപത്തെ ഹോട്ടലുകളില്‍ മുറിയെടുത്ത് താമസിച്ച് ജോലി ചെയ്ത് വെകുന്നേരങ്ങള് പുറത്തിറങ്ങി കാഴ്ചകള്‍ ആസ്വദിച്ച് ചെറുയാത്രയൊക്കെ നടത്തുന്നതാണ് സ്റ്റേക്കേഷന്. വീട്ടിലെ ബഹളങ്ങളൊന്നും ഇല്ലാതെ ജോലി സമയം ചെറിയൊരു അവധിക്കാലം പോലെ ആസ്വദിക്കാം എന്നതാണിതിന്റെ പ്രത്യേകത.
കേരള വിനോദ സഞ്ചാരരംഗത്തെ ഏറ്റവും ശ്രദ്ധേയമായ മാറ്റങ്ങളിലൊന്നാണ് കാരവന് ടൂറിസം. കാരവന് കേരള എന്ന പേരിലാണ് കേരളാ ടൂറിസം വകുപ്പിന്റെ പദ്ധതി.
പദ്ധതി പൂര്‍ണ്ണതോതില്‍ നടപ്പാകുന്നതോടെ ആളുകള്‍ക്ക് കാരവന് വാടകയ്ക്ക് എടുത്തോ അല്ലെങ്കില്‍ പാക്കേജുകള്‍ എടുത്തോ കാരവന് യാത്ര നടത്താം. കാരവനില്‍ തന്നെ താമസിച്ച് ജോലി ചെയ്ത് അതില്‍ കിടന്ന് ഭക്ഷണം പാകം ചെയ്ത് നടത്തുന്ന യാത്രയാണിത്.