ഉപ്പോളം വരുമോ ഉപ്പിലിട്ടത് ?

കലശലായ സിനിമാഭ്രമം ഉണ്ടായിരുന്ന കുട്ടിക്കാലത്ത് ആദ്യമായ് നേരിൽ കണ്ട സിനിമാ താരം പ്രേംനസീറാണ്. അയൽപക്കത്ത് ഡോ. ശങ്കർ റാമിൻ്റെ വീട്ടിൽ ഒരു സുന്ദരിയുടെ കഥ എന്ന സിനിമയുടെ ഷൂട്ടിംഗ് നടക്കുന്നു. ഡോ. ശങ്കർ റാമിൻ്റെ വീട്ടിൽ ധാരാളം പശുക്കളുണ്ട്, പാലും മോരും വില്പനയുണ്ട്. പാലും മോരും വാങ്ങാൻ വീട്ടിലെ അടുക്കളസഹായിയായ ശാരദ പോകുമ്പോൾ എല്ലാരുടേയും കണ്ണ് വെട്ടിച്ച്  ഞാനും ഒപ്പം കൂടും. 

അങ്ങനെ ചെന്ന ദിവസം റോഡിലും വലിയ മാളിക വീടിൻ്റെ മുറ്റത്തും ആൾക്കൂട്ടം. പൂമുഖത്തെ കസേരയിൽ ” ഈ വക ആണുങ്ങൾ ഭൂമിയിലുണ്ടോ ” എന്ന വരികൾ അനുസ്മരിപ്പിക്കും പോലെ ദാ, ഇരിക്കുന്നു സാക്ഷാൽ  പ്രേംനസീർ !  ജയഭാരതി അകം മുറിയിലെങ്ങോ ഉണ്ട്. നസീർ ആൾക്കൂട്ടത്തിന് നേരേ വിടർന്ന ചിരിയോടെ കൈ വീശി. അത് കണ്ടതേയുള്ളൂ എൻ്റെ ശാരദ ലജ്ജയാൽ അതിലോലയായി വിറകൊണ്ടു. പാല് വാങ്ങാൻ സ്ഥിരം എത്തുന്ന അധികാരത്തോടെ വിരൽത്തുമ്പിൽ എന്നെയും തൊടുത്ത് ഗേറ്റ് തുറക്കാൻ ശ്രമിച്ചെങ്കിലും കാവൽക്കാരൻ കടത്തിവിട്ടില്ല.

ഡോക്ടറുടെ വീടിന് നേരേ എതിരെയുള്ള വീടിൻ്റെ വരാന്തയിൽ ഇടിച്ച് കയറിയാൽ നസീറിനെ കാണാമെന്ന് ശാരദ. കോട്ടയം ചെല്ലപ്പനെന്ന സിനിമാ നടൻ്റെ സഹോദരിയുടെ വീടാണത്. അവിടെയും ഇടം കിട്ടാതെ ഞങ്ങൾ പിന്തിരിഞ്ഞു. നിരാശ തോന്നിയില്ല. എന്തെന്നാൽ ഒറ്റനോട്ടത്തിൽ തന്നെ പ്രേംനസീർ സുന്ദര പുരുഷനായി എൻ്റെയുള്ളിൽ പതിഞ്ഞിരുന്നു. ഇന്നേ വരെ മറ്റൊരു നടനും അത് ഇളക്കി മാറ്റാനായതുമില്ല.

താര എന്ന സിനിമയുടെ ചില രംഗങ്ങൾ  എൻ്റെ സ്കൂളിലാണ്  ചിത്രീകരിച്ചത്. ശാരദ എന്ന നടിയെ കാണാൻ ഏറെ കൊതിച്ചെങ്കിലും കന്യാസ്ത്രീകൾ ചെറിയ കുട്ടികളായ ഞങ്ങളെ വിരട്ടി വീട്ടിലേയ്ക്ക് ഓടിച്ചു. മുതിർന്ന വിദ്യാർത്ഥികൾ അണിഞ്ഞൊരുങ്ങി നിന്ന് ഷട്ടിൽ കളിക്കുന്ന നായികയ്ക്ക് വേണ്ടി കൈയ്യടിച്ചു.വിദ്യാർത്ഥികളെ നോക്കി ഒന്ന് പുഞ്ചിരിക്കാൻ കൂടി നായിക തയ്യാറാകാഞ്ഞതിൽ എല്ലാവർക്കും പ്രതിഷേധമുണ്ടായി. എന്ന്  മാത്രമല്ല, നവോദയാ അപ്പച്ചൻ്റെ ഭാര്യയെ കണ്ട മാത്രയിൽ ആസനം പൊന്തിച്ച്, വിധേയച്ചിരിയുമായ് അവർ സല്യൂട്ടടിച്ചു നിൽക്കുകയും ചെയ്തു. കുഞ്ചാക്കോയുടേതാണേ സിനിമ! അത് മറക്കണ്ട. 

പ്രീഡിഗ്രിക്കാലത്ത് കമലഹാസനോട് പ്രണയം മൂത്ത് തന്നെ വിവാഹം ചെയ്യണമെന്നാവശ്യപ്പെട്ട് നിരന്തരം കത്തെഴുതിയിരുന്ന നർത്തകിയായ സഹപാഠിയെ ഓർക്കുന്നു. തന്നെക്കാൾ യോഗ്യനായ വരനെ കുട്ടിക്ക് കിട്ടും എന്ന് സാന്ത്വനിപ്പിച്ചു ,ഉലകനായകൻ. വായന കൂടുതൽ വിപുലമാകുകയും സിനിമയെ കുറച്ചു കൂടി അറിയാൻ ശ്രമിക്കുകയും ചെയ്തപ്പോൾ ഇഷ്ടങ്ങൾക്ക് മാറ്റം വന്നു. സത്യനും മധുവും കുറച്ചൂടെ മുന്നിലെത്തി. അടുത്ത ഘട്ടത്തിൽ സുധീറിനോടും (ചെമ്പരത്തി ) രവിമേനോനോടും (നിർമാല്യം, ഏകാകിനി )  സത്താറിനോടും (അനാവരണം ) മോഹനോടും (ചട്ടക്കാരി ) താല്പര്യം വന്നു. ചില പ്രത്യേക കഥാപാത്രങ്ങളോടുണ്ടായ ഇഷ്ടമെന്നും പറയാം. എം.ടിയുടെ സംഭാഷണങ്ങളുടെ ചേതോഹരമായ നിമ്നോന്നതകൾ. ശബ്ദ വിന്യാസത്തോടെ അഭിനയിച്ച് ഫലിപ്പിക്കാൻ സുകുമാരനും മമ്മൂട്ടിക്കും അനായസേന കഴിഞ്ഞപ്പോൾ മോഹൻലാൽ അത്രത്തോളമെത്തിയില്ലെന്ന് തോന്നി. (പഞ്ചാഗ്നി).
  
തുടക്കത്തിലെ അഴകൊഴമ്പൻ ശൈലിയിൽ നിന്നും മമ്മൂട്ടി പിന്നീട്  തൻ്റെ അഭിനയത്തിൻ്റെ ഗ്രാഫ് ഒത്തിരി മുകളിലേക്കെത്തിച്ചു. ചില കുസൃതി ചേഷ്ടകളോടെ മോഹൻലാൽ ആരാധകരെ കീഴടക്കുന്നതും കണ്ടു. ഭാര്യ, കുട്ടി, പെട്ടി പരിവേഷത്തിൽ നിന്ന് പുറത്ത് കടന്ന് വല്യേട്ടൻ്റെ ഉത്തമ മാതൃകാ പട്ടം നൽകി മമ്മൂട്ടിയെ മനസ്സിൽ പ്രതിഷ്ഠിച്ചവർ മോഹൻലാലിനെ പ്രിയങ്കരനായ താന്തോന്നിയായ് ആഘോഷിച്ചു.

സ്റ്റേജിൻ്റെ അനന്ത സാധ്യതകൾ പയറ്റിയെത്തിയ തിലകൻ എന്ന മികച്ച നടൻ നിരന്തരം വിസ്മയിപ്പിച്ചു കൊണ്ടിരുന്നു. പുതുമഴയിലേറെ തകരകൾ മുളച്ചു. ചിലത് നിന്നു, ചിലത് പടുമുളയായി. സിനിമ കണ്ടും ആസ്വദിച്ചും ഞങ്ങൾ മുതിർന്നു.
പുതിയ എഴുത്തുകാർ വന്നു,പുത്തൻ സംവിധായകർ വന്നു . ധീരോദാത്ത ലക്ഷണമുള്ള നായകന്മാരില്ലാതെ ,ഗുണപാഠ കഥകളില്ലാതെ പ്രതിഭ തെളിയിച്ചവർ. സിംഹാസനങ്ങൾ തുരുമ്പ് പിടിക്കുന്ന ദുരിതകാലവും ഒടുവിലെത്തി. 

ഓണം കൂടാതെ കേരളത്തിന് ഒരു ദേശീയ ഉത്സവമുണ്ടെന്നറിഞ്ഞത് ഈയിടെ മാത്രമാണ്. ഒരു സൂപ്പർ നായകൻ്റെ  പിറന്നാളാഘോഷം. ഭൂരിപക്ഷം വരുന്ന മലയാളികളും ആനന്ദാതിരേകത്താൽ  നുരച്ച് പൊന്തുന്ന കാഴ്ച അതിസുന്ദരമായിരുന്നു. “അഹമഹമികയാ സ്തുതി വചനങ്ങൾ തൻ പാവകജ്വാലകൾ അംബരത്തോളമുയർന്ന് പൊങ്ങുന്നതും കണ്ടു, ജന്മസാഫല്യമായി. താരമാകട്ടെ സ്വസ്ഥത തേടി കുടുംബത്തോടൊപ്പം നാടുവിട്ടിട്ടും പിൻമാറുമോ അവർ തൻ പിൻമുറക്കാർ. ?

വീടിൻ്റെ തഴുതിട്ട ഗേറ്റിന് പുറത്ത് മഴ നനഞ്ഞും അവർ  ആഘോഷരാവ് കൊണ്ടാടി. അതും ദിനംപ്രതി മരണസംഖ്യ വർദ്ധിക്കുന്ന രോഗാതുരമായ ഒരു നാട്ടിൽ. നിത്യവൃത്തിക്ക് പാങ്ങില്ലാതെ   ആത്മഹത്യകൾ പെരുകുന്ന നാട്ടിൽ. മാധ്യമങ്ങൾ മത്സരിച്ച് പതിപ്പ് ഇറക്കുന്നു. ചാനലുകളിലും ഇതര സോഷ്യൽ മീഡിയയിലും കല്ലോലജാലങ്ങൾ ഇളകി മറിഞ്ഞു. കരയുന്ന കുഞ്ഞിനെ പാലൂട്ടാതെ സ്ത്രീകൾ കുതിച്ചു പായുന്നു. നടൻ്റെ ശരീര സൗന്ദര്യം കണ്ട് സമപ്രായക്കാർ ടെൻഷനടിക്കുന്നു.

ആഘോഷാദികളിൽ നിന്നും സർക്കാരിനെ താരം വിലക്കിയിട്ടാണ് (വിവേകമുള്ള നടപടി) അല്ലേൽ ഞങ്ങടെ പന്തീലെ വിളമ്പ് കാണിച്ചു തരായിരുന്നു എന്ന് ഒരാൾ എന്നോട് പറഞ്ഞു. സമ്പൂർണ സാക്ഷര- സാംസ്ക്കാരിക സുന്ദര കേരളമേ നിനക്ക് സ്വസ്തി. ഈ ഘട്ടത്തിൽ ഒറ്റപ്രാർത്ഥന മാത്രം. സൂപ്പർസ്റ്റാറുകളോട് സിനിമയുടെ കഥ പറയാൻ ചെല്ലുമ്പോൾ തൊണ്ട വരളാത്ത , മുട്ടിടിക്കാത്ത പുതിയ എഴുത്തുകാരും സംവിധായകരുണ്ടാവട്ടെ.

ആരാധകർക്ക് മഴ നനഞ്ഞ് പനി വരാതെയും കാക്കേണമേ ! സൂപ്പർസ്റ്റാറുകൾ തൊഴിലിടത്തെ പക ഉള്ളിലടക്കി പരസ്പരം പുറംചൊറിഞ്ഞ് കൊച്ചു കേരളത്തിൻ്റെ മാനം കാക്കട്ടെ. 

എന്നാലുമെങ്കിലും പറയാതെ വയ്യ. ഒൻപതാം വയസ്സിൽ ഉള്ളിൽ പതിഞ്ഞ പ്രേംനസീറിൻ്റെ സൗമ്യ സുന്ദരരൂപത്തിന് എന്ത് മിഴിവാണെന്നോ ഇപ്പഴും എൻ്റെ മനസ്സിൽ. അതുല്യമായ അഭിനയത്തിക വൊന്നും അവകാശപ്പെടാനില്ലെങ്കിലും 
“അനുരാഗവതീ നിൻ ചൊടികളിൽ നിന്നാലിപ്പഴം പൊഴിയും….” എന്ന് കായലോരത്തെ നിലാവിൻ്റെ മടിത്തട്ടിലിരുന്ന് നസീർ പാടുമ്പോൾ കുളിരണിഞ്ഞിരുന്നു എൻ്റെ തലമുറയുടെ കൗമാരം.

ഉപ്പോളം വരുമോ ഉപ്പിലിട്ടത്.

Latest News