കൊച്ചി: മുന്‍ മിസ് കേരളയടക്കം മൂന്നുപേര്‍ വാഹനാപകടത്തില്‍ മരിച്ച കേസില്‍ നിര്‍ണായക വെളിപ്പെടുത്തലുമായി അറസ്റ്റിലായ ഹോട്ടല്‍ ജീവനക്കാര്‍. മോഡലുകള്‍ ഹോട്ടലിലെ ഡിജെ പാര്‍ട്ടിയില്‍ പങ്കെടുത്ത ദിവസത്തെ സിസിടിവി ദൃശ്യങ്ങളടങ്ങിയ ഹാര്‍ഡ് ഡിസ്ക് കായലിലെറിഞ്ഞെന്ന് ഇവര്‍ പൊലീസിനോടു പറഞ്ഞു.
സിസിടിവി ദൃശ്യങ്ങളടങ്ങിയ ഡിജിറ്റല്‍ വിഡിയോ റെക്കോര്‍ഡര്‍ (ഡിവിആര്‍) നശിപ്പിച്ചതിനാണ് ഫോര്‍ട്ട്കൊച്ചി നമ്പര്‍ 18 ഹോട്ടലുടമ വയലാട്ട് റോയി ജോസഫിനെയും ജീവനക്കാരായ കെ.കെ. അനില്‍, വില്‍സന്‍ റെയ്നോള്‍ഡ്, എം.ബി. മെല്‍വിന്‍, ജി.എ. സിജുലാല്‍, വിഷ്ണുകുമാര്‍ എന്നിവരെയും പാലാരിവട്ടം പൊലീസ് അറസ്റ്റു ചെയ്തത്.
രണ്ട് ദിവസത്തോളം നീണ്ട ചോദ്യം ചെയ്യലിനൊടുവിലാണ് അറസ്റ്റ്. അപകടത്തിനു തൊട്ടുമുമ്പ് ഹോട്ടലില്‍ നടന്ന ഡി.ജെ. പാര്‍ട്ടിയുടെ സി.സി.ടി.വി. ദൃശ്യങ്ങള്‍ അടങ്ങിയ ഡി.വി.ആര്‍. നശിപ്പിച്ചതിനാണ് ഇവര്‍ക്കെതിരെ കേസെടുത്തിരിക്കുന്നത്.
രണ്ടു ജീവനക്കാരെ ഡിവിആര്‍ ഉപേക്ഷിച്ചെന്ന് സംശയിക്കുന്ന തേവര കണ്ണങ്കാട്ട് പാലത്തില്‍ എത്തിച്ച് തെളിവെടുത്തിരുന്നു. ബുധനാഴ്ച രാത്രിയാണ് ആറു പേരുടെ അറസ്റ്റ് പൊലീസ് രേഖപ്പെടുത്തിയത്.
റോയിയെ ചൊവ്വാഴ്ച 11 മണിക്കൂറോളം പൊലീസ് ചോദ്യം ചെയ്തിരുന്നു. ബുധനാഴ്ചയും ചോദ്യം ചെയ്യാന്‍ വിളിപ്പിച്ചിരുന്നു. രാവിലെ പാലാരിവട്ടം പൊലീസ് സ്റ്റേഷനില്‍ ഹാജരായ റോയ് ജെ. വയലാട്ടുമായി നമ്ബര്‍ 18 ഹോട്ടലില്‍ പൊലീസ് പരിശോധന നടത്തി.റോയി പൊലീസിന് കൈമാറിയ ഡിവിആറില്‍ ആവശ്യപ്പെട്ട വിവരങ്ങള്‍ ഇല്ലെന്ന് പൊലീസ് കണ്ടെത്തിയിരുന്നു. തുടര്‍ന്നാണ് ഹോട്ടലില്‍ വീണ്ടും പരിശോധന നടത്തിയത്. ഇതിനു പിന്നാലെയായിരുന്നു അറസ്റ്റ്.

















