ശബരിമല മണ്ഡലകാല കച്ചവടത്തിനായി കടകൾ നൽകുന്നതിന് നിശ്ചയിച്ചിരുന്ന ഇ-ലേലം റദ്ദാക്കിയ ദേവസ്വം ബോർഡ് നടപടിയെ അനുകൂലിച്ച് ദേവസ്വം മന്ത്രി കെ. മുരളീധരൻ. ടെൻഡർ നടപടികളുടെ രഹസ്യ സ്വഭാവം നഷ്ടപ്പെട്ടതിനെ കുറിച്ച് ദേവസ്വം വിജിലൻസ് ആൻഡ് ചീഫ് സെക്യൂരിറ്റി ഓഫീസർ അന്വേഷണം നടത്തും. കുറ്റക്കാർക്കെതിരെ കർശന നടപടി സ്വീകരിക്കുമെന്നും ദേവസ്വം മന്ത്രി അറിയിച്ചു. 110 കടകൾക്കായി റീ ടെൻഡർ നടത്താനാണ് തീരുമാനം.
ശബരിമല മണ്ഡലകാല തീർഥാടനവുമായി ബന്ധപ്പെട്ട് കടകൾ നടത്തുന്നതിനുള്ള അവകാശത്തിനായി നിശ്ചയിച്ചിരുന്ന ഇ- ലേലമാണ് തിരുവിതാംകൂർ ദേവസ്വം ബോർഡ് റദ്ദാക്കിയത്. ടെൻഡർ നടപടികൾ പുരോഗമിക്കുന്നതിനിടെ രേഖകളുടെ രഹസ്യ സ്വഭാവം നഷ്ടമായി എന്ന കണ്ടെത്തലിനെ തുടർന്നാണ് നടപടി. സെപ്റ്റംബർ 29 നാണ് ഇ-ലേലം നടത്താൻ നിശ്ചയിച്ചിരുന്നത്. എന്നാൽ ഓരോ കടയിലേക്കും ടെൻഡറിൽ പങ്കെടുത്ത ആളുകളുടെ പേര് വിവരങ്ങൾ പുറത്താവുകയായിരുന്നു. ഇനി ലേലം നടത്തിയാൽ ഫലപ്രദമായിരിക്കില്ല എന്നതിനാലാണ് ഇ- ലേലവും ടെൻഡറും റദ്ദാക്കുന്നതെന്നും ദേവസ്വം ബോർഡ് അധികൃതർ അറിയിച്ചു. സംഭവത്തിൽ വിജിലൻസ് അന്വേഷണത്തിന് ചുമതലപ്പെടുത്തിയിട്ടുണ്ടെന്ന് ദിവസം മന്ത്രി കെ മുരളീധരൻ. മൂന്നു ദിവസത്തിനകം റിപ്പോർട്ട് നൽകാനാണ് നിർദ്ദേശം.
ടെൻഡർ നടപടികളുടെ രഹസ്യ സ്വഭാവം നഷ്ടപ്പെട്ടതിനെ കുറിച്ച് ദേവസ്വം വിജിലൻസ് ആൻഡ് ചീഫ് സെക്യൂരിറ്റി ഓഫീസർ അന്വേഷണം നടത്തും. കുറ്റക്കാർക്കെതിരെ കർശന നടപടി സ്വീകരിക്കാനാണ് തീരുമാനം. പ്രസ്തുത 110 കടകൾക്കായി റീ ടെൻഡർ നടത്തും. 15 നു മുൻപ് തന്നെ ബാക്കി നടപടികൾ പൂർത്തിയാക്കി ആശങ്ക ഒഴിവാക്കുമെന്നും മന്ത്രി അറിയിച്ചു.















