തിരുവനന്തപുരം: 2021 വർഷത്തെ രാജ്യാന്തര ചലച്ചിത്രമേള ഫെബ്രുവരി നാല് മുതൽ 11 വരെ നടക്കും. നേരത്തെ ഡിസംബർ 10 മുതൽ ഐ.എഫ്.എഫ്.കെ നടത്താനായിരുന്നു സർക്കാർ തീരുമാനം. എന്നാൽ, തിയറ്ററുകളുടെ ലഭ്യതക്കുറവും മോശം കാലാവസ്ഥയുമാണ് മേളമാറ്റാൻ കാരണമെന്നാണ് സൂചന. അതേസമയം, രാജ്യന്താര ഡോക്യുമെൻററി-ഹൃസ്വചിത്രമേള ഡിസംബർ ഒമ്പത് മുതൽ 14 വരെ നടക്കുമെന്നും സാംസ്കാരിക വകുപ്പ് മന്ത്രി സജി ചെറിയാൻ അറിയിച്ചു.
മേളയുടെ ഉദ്ഘാടനം നിശാഗന്ധി ഓഡിറ്റോറിയത്തിൽ 2022 ഫെബ്രുവരി 4 ന് വൈകീട്ട് 6 മണിക്ക് ബഹു. മുഖ്യമന്ത്രി ശ്രീ.പിണറായി വിജയൻ നിർവഹിക്കും. കോവിഡ് മഹാമാരിയുടെ പശ്ചാത്തലത്തിൽപ്പോലും ഐ.എഫ്.എഫ്.കെ മുടക്കമില്ലാതെ നടത്താൻ നമുക്ക് കഴിഞ്ഞിരുന്നു. തിരുവനന്തപുരത്തെ പന്ത്രണ്ടോളം തിയേറ്ററുകളിലായി എട്ട് ദിവസം നീണ്ടു നിൽക്കുന്ന ഐ.എഫ്.എഫ്.കെയുടെ 26 -ാം പതിപ്പ് രാജ്യാന്തര ചലച്ചിത്രമേളയുടെ എല്ലാ പ്രൗഢിയോടെയും നടത്താനാണ് സർക്കാർ ഉദ്ദേശിക്കുന്നതെന്നും സജി ചെറിയാൻ വ്യക്തമാക്കി.
കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ കഴിഞ്ഞ ജൂലൈ മാസം നടത്താൻ കഴിയാതിരുന്ന രാജ്യാന്തര ഡോക്യുമെന്ററി ഹ്രസ്വചിത്രമേള (IDSFFK) 2021 ഡിസംബർ 9 മുതൽ 14 വരെ തിരുവനന്തപുരം ഏരീസ് പ്ളക്സ് എസ് എൽ തിയേറ്റർ കോംപ്ളക്സിലെ നാല് സ്ക്രീനുകളിൽ നടക്കും. മേളയുടെ ഉദ്ഘാടനം ബഹു. മുഖ്യമന്ത്രി ശ്രീ.പിണറായി വിജയൻ ഏരീസ് പ്ളക്സ് എസ്.എൽ തിയേറ്ററിൽ ഡിസംബർ 9 ന് നിർവഹിക്കും. സർക്കാർ നിർദേശങ്ങൾക്കനുസൃതമായി കോവിഡ് മാനദണ്ഡങ്ങൾ പാലിച്ചുകൊണ്ടായിരിക്കും മേളകൾ സംഘടിപ്പിക്കുകയെന്നും മന്ത്രി പറഞ്ഞു.