1990ലെ രാജകണ്ണ് കസ്റ്റഡി മരണത്തെ ആസ്പദമാക്കി സൂര്യയെ നായകനാക്കി ടി ജെ ജ്ഞാനവേൽ സംവിധാനം ചെയ്ത ചിത്രമാണ് ‘ജയ് ഭീം’. ചിത്രത്തിന് വലിയ സ്വീകാര്യതയാണ് ലഭിച്ചത്. നിരവധി സാമൂഹ്യമാറ്റങ്ങൾക്ക് കൂടി ചിത്രം കാരണമായി. ഇപ്പോൾ നടൻ സൂര്യ തന്നെ യഥാർത്ഥ ‘സെങ്കനി’ക്ക് സഹായ ഹസ്തവുമായി രംഗത്ത് വന്നിരിക്കുകയാണ്. ചിത്രത്തിൽ ലിജോമോൾ അവതരിപ്പിച്ച സെങ്കിനി എന്ന കഥാപാത്രത്തിന് പ്രചോദനം പാർവതി അമ്മാളിൻ്റെ ജീവിതമാണ്.
ഇവരുടെ പേരിൽ 10 ലക്ഷം രൂപ സൂര്യ ബാങ്കിൽ നിക്ഷേപിച്ചു. പാർവതി അമ്മാളിൻ്റെ കാലശേഷം ഈ തുക മകൾക്കും ലഭിക്കും. ദിവസക്കൂലിയിൽ ഉപജീവനം നടത്തുന്ന പാർവതിക്ക് ധനസഹായം നൽകണമെന്ന് സിപിഐഎം സംസ്ഥാന സെക്രട്ടറി കെ ബാലകൃഷ്ണൻ സൂര്യയോട് അഭ്യർത്ഥിച്ചിരുന്നു. താൻ 10 ലക്ഷം രൂപ ബാങ്കിൽ നിക്ഷേപിക്കുമെന്നും പാർവതിക്ക് പലിശ ഉപയോഗിക്കാമെന്നും സൂര്യ പറഞ്ഞതായി അദ്ദേഹം അറിയിച്ചു. കൊച്ചുകൂരയിൽ മകളോടൊപ്പമാണ് പാർവതി അമ്മാൾ ഇപ്പോൾ താമസിക്കുന്നത്.
നവംബർ 2 നാണ് ആമസോൺ പ്രൈമിലൂടെ ‘ജയ് ഭീം’ റിലീസ് ചെയ്തത്. 2ഡി എന്റര്ടെയ്ന്മെന്റിന്റെ ബാനറില്‍ സൂര്യയാണ് ചിത്രത്തിൻ്റെ നിര്‍മ്മാണം നിർവഹിച്ചിരിക്കുന്നത്. പ്രകാശ് രാജ്, രമേഷ്, മണികണ്ഠന് എന്നിവരും ചിത്രത്തിൽ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നുണ്ട്.