കോഴിക്കോട്: ഐഎന്‍എല്‍ പ്രവേശന സാധ്യത സജീവമാക്കി കൊടുവള്ളി മുന്‍ എംഎല്‍എ കാരാട്ട് റസാഖ്. ഐഎന്‍എല്‍, കോഴിക്കോട് സംഘടിപ്പിച്ച ഇബ്രാഹിം സുലൈമാന്‍ സേട്ട് അനുസ്മരണത്തില്‍ വേദി പങ്കിട്ട റസാഖ് സിപിഎം അനുവദിച്ചാല്‍ ഐഎന്‍എല്ലില്‍ ചേരുമെന്ന് വ്യക്തമാക്കി. സിപിഎമ്മിൻ്റെ ഭാഗമായി തന്നെ നില്‍ക്കാനാണ് ആഗ്രഹമെന്നായിരുന്നു നേരത്തെ റസാഖിൻ്റെ പ്രതികരണം.
ഐഎന്‍എല്‍ ജനറല്‍ സെക്രട്ടറി കാസിം ഇരിക്കൂറും മന്ത്രി അഹമ്മദ് ദേവര്‍കോവിലും ഒരുമാസം മുമ്പ് കാരാട്ട് റസാഖിനെ നേരിട്ട് കണ്ട് പാര്‍ട്ടിയിലേക്ക് ക്ഷണിച്ചിരുന്നു. സിപിഎം അനുമതി കിട്ടിയാലുടന്‍ ഐഎന്‍എല്‍ പ്രവേശനം സാധ്യമാകുമെന്നായിരുന്നു അന്ന് കാരാട്ട് റസാഖ് പറഞ്ഞത്.
എന്നാല്‍ പിന്നീട് നിലപാട് മാറ്റിയ റസാഖ് സിപിഎമ്മിൻ്റെ ഭാഗമായി തന്നെ തുടരുമെന്ന് അറിയിച്ചു. എന്നാല്‍ വീണ്ടും ഐഎന്‍എല്‍ പ്രവേശന സാധ്യതകള്‍ സജീവമാക്കിയാണ് റസാഖ്, ഇബ്രാഹിം സുലൈമാന്‍ സേട്ട് അനുസ്മരണ വേദിയിലെത്തിയത്. മുസ്ലീം ലീഗ് നേതാവായിരുന്ന കാരാട്ട് റസാഖ് 2016 ലാണ് ഇടതുപക്ഷത്തിനൊപ്പം ചേര്‍ന്നത്. അന്ന് ഇടതുസ്വതന്ത്രനായി കൊടുവള്ളിയില്‍ നിന്ന് ജയിച്ച റസാഖ് കഴിഞ്ഞ തിരഞ്ഞെടുപ്പില്‍ എം കെ മുനീറിനോട് പരാജയപ്പെട്ടു. തോല്‍വിക്ക് പിന്നില്‍ ഗൂഢാലോചന നടന്നിട്ടുണ്ടെന്ന തോന്നലും റസാഖിൻ്റെ ഐഎന്‍എല്‍ പ്രവേശന നീക്കത്തിന് പിന്നിലുണ്ടെന്നാണ് സൂചന.

















