കഴിഞ്ഞ കുറച്ചുനാളുകളായി ഫിറ്റ്നസിൽ വലിയ ശ്രദ്ധയാണ് മോഹൻലാൽ (Mohanlal) പുലർത്തുന്നത്. കഥാപാത്രങ്ങൾ ആവശ്യപ്പെടുന്ന എന്തു മാറ്റങ്ങൾക്കും ഏത് കാലത്തും തയ്യാറായിരുന്ന മോഹൻലാൽ ഇപ്പോൾ അതിനായി ശരീരഭാരം കുറയ്ക്കുന്നതടക്കമുള്ള മേക്കോവറുകൾക്കും തയ്യാറാവുന്നുണ്ട്. ജിമ്മിൽ നിന്നുള്ള വ്യായാമത്തിൻറെ ചിത്രങ്ങളും വീഡിയോയുമൊക്കെ സോഷ്യൽ മീഡിയയിലൂടെ അദ്ദേഹം തന്നെ പലപ്പോഴും പങ്കുവെക്കാറുണ്ട്. ഇപ്പോഴിതാ മോഹൻലാൽ സൈക്ലിംഗ് (Cycling) ആസ്വദിക്കുന്നതിൻറെ ഒരു വീഡിയോയാണ് സോഷ്യൽ മീഡിയയിൽ വൈറൽ ആയിരിക്കുന്നത്.
മോഹൻലാലിൻറെ അടുത്ത സുഹൃത്തായ സമീർ ഹംസയാണ് (Sameer Hamsa) ഇൻസ്റ്റഗ്രാമിലൂടെ വീഡിയോ പോസ്റ്റ് ചെയ്‍തത്. സൈക്കിൾ ചവിട്ടുന്ന മോഹൻലാലിനൊപ്പം മറ്റൊരു സൈക്കിളിലേറി സമീറുമുണ്ട്. ‘നാടുവാഴികൾ’ എന്ന ചിത്രത്തിലെ ‘രാവിൻ പൂന്തേൻ’ എന്നു തുടങ്ങുന്ന ഗാനമാണ് വീഡിയോയിൽ സമീർ പ്ലേ ചെയ്‍തിരിക്കുന്നത്. ചിത്രത്തിലെ കഥാപാത്രത്തെ ഓർമ്മിപ്പിച്ച് ‘അനന്തൻറെ മോൻ ഇപ്പോഴും നാടുവാഴി തന്നെ’ എന്നാണ് സമീർ ഹംസ വീഡിയോയ്ക്ക് നൽകിയിരിക്കുന്ന അടിക്കുറിപ്പ്.
ശാരീരികമായ ഒട്ടേറെ തയ്യാറെടുപ്പുകൾ ആവശ്യം വരുന്ന ഒരു സ്പോർട്സ് ഡ്രാമയിൽ മോഹൻലാൽ അഭിനയിക്കുന്നുണ്ട്. പ്രിയദർശൻ സംവിധാനം ചെയ്യുന്ന ചിത്രത്തിൽ ഒരു ബോക്സറാണ് മോഹൻലാൽ. ചിത്രത്തിനുവേണ്ടി നടത്തേണ്ട തയ്യാറെടുപ്പുകളെക്കുറിച്ച് പ്രിയൻ നേരത്തെ പറഞ്ഞിരുന്നു- “ഒരു ബോക്സറുടെ കഥയാണ് അത്. പ്രശസ്‍തിയിലേക്കുള്ള അയാളുടെ ഉയർച്ചയും പിന്നീടുണ്ടാവുന്ന താഴ്ചയും. മോഹൻലാലും ഞാനും ചേർന്ന് എല്ലാത്തരത്തിലുമുള്ള സിനിമകൾ ചെയ്‍തിട്ടുണ്ട്. പക്ഷേ ഒരു സ്പോർട്‍സ് സിനിമ ഞങ്ങൾ ചെയ്‍തിട്ടില്ല. ചിത്രത്തിനുവേണ്ടി ലാൽ ആദ്യം 15 കിലോ ശരീരഭാരം കുറയ്ക്കണം. പിന്നീട് അത് തിരിച്ചുപിടിക്കണം. അതുകൂടാതെ പത്ത് കിലോ കൂട്ടുകയും വേണം. ശരീരഭംഗി നഷ്ടപ്പെട്ട, പ്രായമാവുന്ന ഭാഗം അവതരിപ്പിക്കാനാണ് ശരീരഭാരം കൂട്ടേണ്ടിവരിക. അദ്ദേഹത്തിന് അത് സാധിക്കുമോ? തീർച്ഛയായും അദ്ദേഹത്തെക്കൊണ്ട് അതിനു കഴിയും.
















