സാവോപോളോ: മുന്‍ ജേതാക്കളും ലാറ്റിനമേരിക്കന്‍ ഫുട്‌ബോളിലെ അതികായന്‍മാരുമായ ബ്രസീല്‍ അടുത്ത വര്‍ഷം ഖത്തറില്‍ നടക്കാനിരിക്കുന്ന ഫിഫ ലോകകപ്പിനു യോഗ്യത നേടി.യോഗ്യതാ റൗണ്ടില്‍ കൊളംബിയയെ 1-0നു തോല്‍പ്പിച്ചായിരുന്നു മഞ്ഞപ്പട ലോകകപ്പിനു ടിക്കറ്റെടുത്തത്.
ആദ്യത്തെ നാലു സ്ഥാനക്കാര്‍ക്കാണ് ലോകപ്പിനു നേരിട്ടു യോഗ്യത ലഭിക്കുക.ലാറ്റിനമേരിക്കയില്‍ നിന്നും ഈ നേട്ടം കൈവരിച്ച ആദ്യത്തെ ടീം കൂടിയാണ് ബ്രസീല്‍. 72ാം മിനിറ്റിലായിരുന്നു മല്‍സരവിധി നിര്‍ണയിച്ച ബ്രസീലിന്റെ വിജയഗോള്‍ ലൂക്കാസ് പക്വേറ്റയാണ് ടീമിന്റെ നിര്‍ണായക ഗോളിന് അവകാശിയായത്.
10 ടീമുകളുള്‍പ്പെട്ട ലാറ്റിനമേരിക്കന്‍ യോഗ്യതാ റൗണ്ടില്‍ 12 മല്‍സരങ്ങളില്‍ 34 പോയിന്റുമായാണ് ബ്രസീല്‍ തലപ്പത്തു നില്‍ക്കുന്നത്. രണ്ടാംസ്ഥാനക്കാരും ബദ്ധവൈരികളുമായ അര്‍ജന്റീനയേക്കാള്‍ ഒമ്ബതു പോയിന്റ് മുന്നിലാണ് ബ്രസീല്‍.
ലാറ്റിനമേരിക്കന്‍ യോഗ്യതാ റൗണ്ടിലെ പുതിയ റെക്കോര്‍ഡ് കൂടിയാണിത്. ഒരു ഗോള്‍ പോലും വഴങ്ങാതെ ബ്രസീല്‍ നാട്ടില്‍ തുടര്‍ച്ചയായ 10ാമത്തെ മല്‍സരമാണ് പൂര്‍ത്തിയാക്കിയത്. ഇതും മറ്റൊരു റെക്കോര്‍ഡാണ്.
സാവോപോളോയില്‍ ബ്രസീല്‍- കൊളംബിയ പോരാട്ടം വീറും പ്രതീക്ഷിക്കപ്പെടതു പോലെ വീറും വാശിയും നിറഞ്ഞതായിരുന്നു.
രണ്ടാംപകുതിയില്‍ ബ്രസീല്‍ ഗോള്‍ നേടുകയെന്ന ലക്ഷ്യത്തോടെ ടീമില്‍ ഒരുപിടി മാറ്റങ്ങള്‍ വരുത്തി. മാര്‍ത്യുസ് ക്യുന, വിനീഷ്യസ് ജൂനിയര്‍, ആന്റണി എന്നിവരെല്ലാം രണ്ടാംപകുതിയില്‍ ഗ്രൗണ്ടിലെത്തി. ഒടുവില്‍ 72ാം മിനിറ്റില്‍ കൊളംബിയയുടെ പ്രതിരോധക്കോട്ട ഭേദിച്ച് പക്വേറ്റ ബ്രസീലിനായി ആദ്യ വെടിപൊട്ടിച്ചു. സൂപ്പര്‍ താരം നെയ്മറായിരുന്നു ഗോളിനു വേണ്ടി ചരടുവലിച്ചത്.
നെയ്മറുടെ പാസ് ബോക്‌സികത്തു നിന്നും പക്വേറ്റ വലയിലേക്കു തൊടുക്കുകയായിരുന്നു. കൊളംബിയയെ അടിറവ് പറയിക്കാന്‍ ബ്രസീലിനു ഈ ഗോള്‍ ധാരാളവുമായിരുന്നു. ക്വാളിഫയറില്‍ 12 മല്‍സരങ്ങളില്‍ നിന്നും മഞ്ഞപ്പടയുടെ 11ാമത്തെ വിജയമായിരുന്നു ഇത്.