ഷാര്‍ജ: സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്ന വീഡിയോയ്‌ക്കെതിരെ ടി.എന്‍ പ്രതാപന്‍ എം.പി രംഗത്ത്.
കഴിഞ്ഞ ദിവസമാണ് ടി.എന്‍ പ്രതാപന്റെ ഒരു വീഡിയോ സോഷ്യല്‍ മീഡിയകളില്‍ വൈറലായത്. ‘മദ്യപിച്ച് മദോന്മത്തനായി ടി.എന്‍ പ്രതാപന്‍’ എന്ന തലക്കെട്ടോട് കൂടിയായിരുന്നു വീഡിയോ പ്രചരിച്ചത്. പ്രതാപന്‍ മദ്യപിച്ചിട്ടുണ്ടെന്ന് വീഡിയോ ശ്രദ്ധിച്ചാല്‍ വ്യക്തമായി മനസിലാകുമെന്ന തരത്തിലായിരുന്നു വീഡിയോ പ്രചരിച്ചത്.തന്നെ അപകീര്‍ത്തിപ്പെടുത്തുന്ന രീതിയില്‍ വീഡിയോ പ്രചരിപ്പിക്കുകയും അത് ഷെയര്‍ ചെയ്യുകയും ചെയ്തവര്‍ക്കെതിരെ നിയമനടപടികള്‍ സ്വീകരിക്കുമെന്ന് ടി.എന്‍ പ്രതാപന്‍ വ്യക്തമാക്കി.
‘നാട്ടില്‍ ആദര്‍ശം പുലമ്പുന്ന കോണ്‍ഗ്രസ്സ് നേതാവ് ടി.എന്‍ പ്രതാപന്റെ ഫോറിന്‍ ടൂര്‍ വീഡിയോ ആണ്. ടി. സിദ്ധീഖ് പറഞ്ഞത് പോലെ മരുഭൂമിയില്‍ ശക്തമായി കാറ്റ് അടിച്ചതു കൊണ്ടാണോ? പുതിയ സെമി കേഡര്‍ പാര്‍ട്ടി അല്ലേ’ എന്ന തലക്കെട്ടോട് കൂടി വീഡിയോ വ്യാപകമായി പ്രചരിക്കപ്പെട്ടു. ഇതോടെയാണ് വീഡിയോ പ്രചരിപ്പിച്ചവര്‍ക്കെതിരെ പരാതി നല്‍കിയെന്ന് വ്യക്തമാക്കിയാണ് എം.പി നേരിട്ട് രംഗത്ത് വന്നത്.
ഷാര്‍ജയില്‍ നടക്കുന്ന അന്താരാഷ്ട്ര പുസ്തകോത്സവത്തില്‍ വെച്ച് തന്റെ രണ്ടാമത്തെ പുസ്തകമായ ‘ഭ്രാന്ത് പെരുകുന്ന കാല’ത്തിൻറെ പുസ്തക പ്രകാശനത്തില്‍ പങ്കെടുക്കാനായാണ് താന്‍ യു.എ.ഇയില്‍ എത്തിയതെന്ന് പ്രതാപന്‍ വ്യക്തമാക്കുന്നു.
സംഘി-കമ്മി പ്രൊഫൈലുകളാണ് ഈ വീഡിയോ ആഘോഷിക്കുന്നതെന്നും ഇത് പ്രചരിപ്പിച്ചവരടക്കം സാമൂഹ്യ മാധ്യമങ്ങളില്‍ ഇതാഘോഷിച്ചവര്‍ക്കുമെതിരെ വ്യത്യസ്ത പരാതികള്‍ നല്‍കിയതായി ടി.എന്‍ പ്രതാപന്‍ തന്റെ ഫേസ്‌ബുക്കില്‍ പോസ്റ്റ് ചെയ്ത കുറിപ്പിലൂടെ വ്യക്തമാക്കി.
ടി.എന്‍. പ്രതാപന്റെ ഫേസ്‌ബുക്ക് പോസ്റ്റ്:
‘എനിക്കെതിരെ ഒരു വീഡിയോ എന്നെ അപകീര്‍ത്തിപ്പെടുത്താന്‍ പ്രചരിപ്പിക്കുന്നത് ശ്രദ്ധയില്‍ പെട്ടു! ഷാര്‍ജയില്‍ നടക്കുന്ന അന്താരാഷ്ട്ര പുസ്തകോത്സവത്തില്‍ വെച്ച് നടക്കുന്ന എന്‍്റെ രണ്ടാമത്തെ പുസ്തകമായ ‘ഭ്രാന്ത് പെരുകുന്ന കാല’ത്തിന്‍്റെ പുസ്തക പ്രകാശനത്തില്‍ പങ്കെടുക്കാനായാണ് ഞാനും കുടുംബവും യു.എ.ഇയില്‍ എത്തിയത്.
ജീവകാരുണ്യ പ്രവര്‍ത്തനം നടത്തുന്ന എൻറെ രക്ഷാകര്‍ത്തൃത്വത്തില്‍ ഉള്ള മുഹമ്മദുണ്ണി അലുങ്ങലിൻറെ നേതൃത്വത്തിലുള്ള എംപീസ് പ്രവാസി കെയറിൻറെ കീഴില്‍ വിദ്യാഭ്യാസ നേട്ടം കൈവരിച്ച തൃശൂര്‍കാരായ വിദ്യാര്‍ത്ഥികള്‍ക്ക് വിദ്യാഭ്യാസ അവാര്‍ഡുകള്‍ നല്‍കുന്ന ഒരു ചടങ്ങില്‍ കൂടി പങ്കെടുക്കാനായിരുന്നു യാത്ര. ഈ പ്രോഗ്രാമിനു ശേഷം ഞാന്‍ നാട്ടിലേക്കു മടങ്ങുന്നതിനു തൊട്ടുമുമ്പ് രാത്രി പ്രവാസി കെയറിന്‍്റെ ഒരു എക്സിക്യൂട്ടീവ് കമ്മറ്റി യോഗം മുഹമ്മദുണ്ണിയുടെ അധ്യക്ഷതയില്‍ എന്‍്റെ സാന്നിദ്ധ്യത്തില്‍ കരാമയിലെ അല്‍-മിഖാത് ഹോട്ടലില്‍ വെച്ച് ചേരുകയുണ്ടായി. 30 ഓളം പേരുള്ള എക്സിക്യൂട്ടീവ് കമ്മറ്റി യോഗത്തിനു ശേഷം ഭക്ഷണവും കഴിച്ചാണ് ഞങ്ങള്‍ പിരിഞ്ഞത്.
ആ ഹോട്ടലിലേക്ക് കടന്നു വന്ന ഓരോ മലയാളിയും എന്‍്റെയടുത്തു വരികയും പരിചയപ്പെടുകയും ചേര്‍ന്നു നില്‍ക്കുകയും ഷേക്ക് ഹാന്‍ഡ് ചെയ്യുകയുമെല്ലാം ചെയ്തിരുന്നു. അവരെയെല്ലാം ചേര്‍ത്തു പിടിച്ചും കുശലം പറഞ്ഞുമാണ് ഞാന്‍ തിരികെ പോന്നത്. നാട്ടിക എസ്.എന്‍ കോളേജില്‍ പഠിക്കുന്ന കാലം മുതല്‍ എന്നെയറിയുന്നവര്‍ക്കറിയാം, വെളുക്കെ ചിരിച്ച് കടന്നു പോകുന്ന ഒരു പൊതു പ്രവര്‍ത്തകനല്ലായിരുന്നു ഞാന്‍. പരിചയപ്പെട്ടവര്‍ക്കെല്ലാം ഒരു സ്നേഹസ്പര്‍ശമെങ്കിലും നല്‍കി മനസ്സു തൊട്ടാണ് ഞാന്‍ ജനങ്ങളെ അറിഞ്ഞും അവരെ മനസിലാക്കിയും കടന്നു വന്നത്. തോളില്‍ തട്ടിയും സ്വതസിദ്ധമായ കൈ കൊണ്ടുള്ള കുഞ്ഞു ഇടി നല്‍കിയും തോളില്‍ കയ്യിട്ടും നെഞ്ചോടു ചേര്‍ത്തുമാണ് ഞാനെൻറെ തൃശൂര്‍ക്കാരെ അറിഞ്ഞതും അവരിലൊരാളായതും. അത്തരത്തിലൊരു സൗഹൃദ നിമിഷത്തെ ഇത്രയേറെ വക്രീകരിച്ച് ചിത്രീകരിച്ചും ഞാന്‍ മദ്യലഹരിയില്‍ നില കിട്ടാതെ ആടുകയായിരുന്നുവെന്നുമൊക്കെ എഴുതിച്ചേര്‍ത്തവരോട് എനിക്കൊന്നും പറയാനില്ല. സഹതാപം മാത്രം. ടി. സിദ്ദിഖിനെ ഇതുപോലെ ഇരയാക്കിയതാണ് ഓര്‍മ വരുന്നത്.
തളിക്കുളം സ്കൂളിലെ കെ.എസ്.യു.പ്രവര്‍ത്തകനായിരുന്ന നാളുകള്‍ മുതല്‍ മദ്യവിരുദ്ധ പോരാട്ടങ്ങള്‍ക്ക് നേതൃത്വം നല്‍കിയ ചരിത്രമാണ് എന്റെത്. കോളേജില്‍ പഠിക്കുമ്ബോള്‍ അഴിമാവ് മദ്യഷാപ്പിനെതിരായ സമരത്തില്‍ എം.പി മന്മഥന്‍ സാറിനൊപ്പവും കുമാരപിള്ള സാറിനൊപ്പവും പങ്കെടുത്തിട്ടുള്ള ആളാണ്. വിദ്യാര്‍ത്ഥിയായിരിക്കേ ചെറിയാന്‍ ഫിലിപ്പിന്‍്റെ നേതൃത്വത്തില്‍ ‘ചാരായമേ വിട..’ എന്ന നാടകം കേരളത്തിലങ്ങോളമിങ്ങോളം അവതരിപ്പിച്ച് മദ്യ വ്യാപാരികളില്‍ നിന്നും മര്‍ദ്ദനമേറ്റുവാങ്ങി തൃശൂര്‍ ജില്ലാ ആശുപത്രിയില്‍ കിടന്നയാളാണ് ഞാന്‍. എന്നും നിര്‍ഭയം ഞാനെന്‍്റെ നിലപാടുകള്‍ക്കൊപ്പം നിന്നിട്ടുണ്ട്. കേരളത്തിലെ സര്‍ക്കാറുകളുടെ മദ്യനയങ്ങള്‍ക്കെതിരെ ഹൈക്കോടതിയേയും സുപ്രീം കോടതിയേയും സമീപിച്ചയാള്‍ കൂടിയാണ് ഞാന്‍. സംഘി-കമ്മി പ്രൊഫൈലുകളാണ് ഈ വീഡിയോ ആഘോഷിക്കുന്നത്. വ്യാജ ഐഡികള്‍ മുതല്‍ യഥാര്‍ത്ഥ അക്കൗണ്ടുകള്‍ വരെയുണ്ട് അക്കൂട്ടത്തില്‍. ഫേസ്ബുക്കിലും ഇന്‍സ്റാഗ്രാമിലും വാട്സാപ്പിലും ട്വിറ്ററിലും വരെ ഈ പ്രചരണം കണ്ടു. ഇത് പ്രചരിപ്പിച്ചവരടക്കം സാമൂഹ്യ മാധ്യമങ്ങളില്‍ ഇതാഘോഷിച്ചവരും എന്റെ സാമൂഹ്യ മാധ്യമ ഇടങ്ങളില്‍ സൈബര്‍ ബുള്ളിയിങ് നടത്തിയവര്‍ വരെയുള്ള മുഴുവന്‍ ആളുകള്‍ക്കും വേറെ വേറെ പരാതികള്‍ നല്‍കി വരികയാണ്. ഇപ്പോള്‍ പ്രചരിക്കുന്ന വീഡിയോ സംബന്ധിച്ച പരാതി ഡി ജി പിക്കും ആഭ്യന്തര സെക്രട്ടറിക്കും നല്‍കി.
ഈ വീഡിയോ ആദ്യമായി പ്രചരിപ്പിച്ച അനി പൂജപ്പുര എന്ന അക്കൗണ്ട് അടക്കമുള്ള അക്കൗണ്ടുകള്‍ ഈ പോസ്റ്റ് ഇപ്പോള്‍ കളഞ്ഞിട്ടുണ്ട്. എന്നിരുന്നാലും ഇപ്പോഴും ഈ വീഡിയോ വ്യാപകമായി പ്രചരിപ്പിക്കുന്നത്
കാണുന്നുമുണ്ട്.
ഇത് ഷെയര്‍ ചെയ്തവര്‍ മുതല്‍ ഏതെങ്കിലും തരത്തില്‍ ആഘോഷിച്ച എല്ലാവര്‍ക്കും നടപടി നേരിടേണ്ടി വരും. സാമൂഹ്യ മാധ്യമങ്ങളില്‍ ജീവിക്കാന്‍ ആഗ്രഹിക്കുന്ന ഒരാളല്ല ഞാന്‍. കഴിഞ്ഞ തിരഞ്ഞെടുപ്പിലടക്കം സാമൂഹ്യ മാധ്യമങ്ങള്‍ കേന്ദ്രീകരിച്ച് പ്രചരണം നടത്താന്‍ പലരും ഉപദേശിച്ചപ്പോള്‍ ജനങ്ങള്‍ക്കിടയില്‍ ഇറങ്ങി ഞാന്‍ 2001 മുതല്‍ സാമ്ബ്രദായികമായ രീതിയില്‍ എന്റേതായ രൂപത്തില്‍ നടത്തിവരുന്ന പ്രചരണ പരിപാടികള്‍ നടത്തിയ ആളാണ് ഞാന്‍. ഫേസ്ബുക്കും ഇന്‍സ്റ്റഗ്രാമും ട്വിറ്ററും മറ്റുമൊക്കെ അതിന്റെ വഴിക്ക് നടക്കട്ടെ എന്നു കരുതും. എന്നാലും കാലഘട്ടത്തിനൊപ്പം സഞ്ചരിക്കാന്‍ മടിയുമില്ല. അതുകൊണ്ടു തന്നെ വിവിധ സാമൂഹ്യ മാധ്യമങ്ങളില്‍ എനിക്ക് സാന്നിധ്യമുണ്ട്. ഇതില്‍ ഫേസ്ബുക്കിലെ പേജ് വെരിഫൈഡ് ആണ്‍; കൂട്ടത്തില്‍ കൂടുതല്‍ സജീവമാകുന്നതും ഈ ഇടത്തില്‍ തന്നെ. വളരെ പ്രധാനപ്പെട്ട ദേശീയ-അന്തര്‍ദേശീയ വിഷയങ്ങളും സാമൂഹിക പ്രാധാന്യമുള്ള കാര്യങ്ങളും മാനവികതയെ കുറിച്ച ആലോചനകളുമൊക്കെയാണ് ഞാന്‍ സാധാരണയില്‍ എന്റെ സാമൂഹ്യ മാധ്യമങ്ങളില്‍ പങ്കുവെച്ചുപോരുന്നത്. ജനങ്ങളെ ബാധിക്കുന്ന വിഷയങ്ങളിലും മറ്റും രാഷ്ട്രീയ വിമര്‍ശനങ്ങള്‍ക്കും ഒട്ടും മടിക്കാറില്ല. എന്നാല്‍ സൈബര്‍ ബുള്ളിയിങ് ഒരു തൊഴിലായി സ്വീകരിച്ച സംഘപരിവാറുകാര്‍ അങ്ങേയറ്റം മോശമായ രീതിയിലാണ് എന്റെ പേജില്‍ ഇടപെടുന്നതെന്ന് ഞാന്‍ നിരീക്ഷിക്കാന്‍ തുടങ്ങിയിട്ട് കുറച്ചായി.’
“എന്തായാലും കഴിഞ്ഞ ദിവസത്തെ വീഡിയോ പ്രചാരണം തുടങ്ങി ഞാന്‍ നേരത്തെ പറഞ്ഞ മുഴുവന്‍ സൈബര്‍ ബുള്ളിയിങ്ങുകളെയും ശരിക്കും നേരിടാന്‍ തന്നെ തീരുമാനിച്ചിരിക്കുകയാണ്. നിയമത്തിന് മുന്നില്‍ കൊണ്ടുവന്ന് എല്ലാവരെയും ചിലതൊക്കെ പഠിപ്പിക്കാന്‍ തന്നെ തീരുമാനിച്ചിരിക്കുകയാണ്. ഇത്തരം വിഷയങ്ങള്‍ പല ഭാവത്തിലും രൂപത്തിലും കണ്ടിട്ട് തന്നെയാണ് ഇതുവരെയെത്തിയത്. ആര്‍ക്കും എന്റെ നിലപാടുകളില്‍ നിന്ന് എന്നെ പേടിപ്പിച്ചു പിന്തിരിപ്പിക്കാനാവില്ല.”