ധർമപുരി: കണ്ണൂരിൽ നിന്ന് ബംഗളൂരുവിലേക്ക് പുറപ്പെട്ട കണ്ണൂർ-യശ്വന്ത്പൂർ സ്പെഷ്യൽ എക്സ്പ്രസ് (07390) പാളം തെറ്റി. തമിഴ്നാട് ധർമപുരിക്ക് സമീപമാണ് അപകടം. അഞ്ച് ബോഗികളാണ് പാളം തെറ്റിയത്. വെള്ളിയാഴ്ച പുലർച്ചെ 3.45ഓടെ സേലം- ബംഗളൂരു റൂട്ടിൽ മുത്തംപട്ടി-ശിവദി സ്റ്റേറഷനുകൾക്കിടയിലാണ് സംഭവം.
ട്രെയിൻ ഓടിക്കൊണ്ടിരിക്കെ എൻജിന് സമീപത്തെ എ സി ബോഗിയുടെ ചവിട്ടുപടിയിൽ വൻ പാറക്കല്ല് വന്നിടിച്ചതാണ് അപകടകാരണമെന്ന് കരുതുന്നു. ഏഴു കോച്ചുകൾ പാളം തെറ്റിയതായി ദക്ഷിണ പശ്ചിമ റെയിൽവെ അധികൃതർ അറിയിച്ചു. അപകടത്തിൽ ആർക്കും കാര്യമായ പരിക്കില്ല. ചവിട്ടുപടിക്കുപുറമെ എ സി ബോഗിയിലെ ഗ്ലാസുകളും തകർന്നു. സീറ്റുകളും മറ്റും ഇളകി മാറി. അപകടത്തിൽപെട്ട ബോഗികൾ വേർപെടുത്തി യാത്രക്കാരെ തോപ്പൂർ റെയിൽവെ സ്റ്റേഷനിലെത്തിച്ചു.
അപകടം നടന്നത് സിംഗിൾ ലൈനിലായതിനാൽ ഈ റൂട്ടിലെ ട്രെയിൻ ഗതാഗതം തടസ്സപ്പെട്ടു. രാവിലെ 6.10ന് ബംഗളൂരുവിൽനിന്ന് പുറപ്പെടേണ്ട കെ എസ് ആർ ബംഗളൂരു-എറണാകുളം ഇൻറർസിറ്റി സൂപ്പർ ഫാസ്റ്റ് എക്സ്പ്രസ് (02677) കെ ആർ പുരം^ബംഗാർപേട്ട്^തിരുപ്പത്തൂർ വഴി തിരിച്ചുവിട്ടു. ഇതോടെ നിരവധി മലയാളി യാത്രക്കാർ കുടുങ്ങി. മഴ തുടരുന്നതിനാൽ പ്രദേശത്ത് വീണ്ടും മണ്ണിടിച്ചിൽ ഭീഷണി നിലനിൽക്കുന്നു. സേലത്തുനിന്ന് ബംഗളൂരുവിലേക്കുള്ള സമാന്തര പാതയായതിനാൽ കേരളത്തിൽനിന്നുള്ള മറ്റു ട്രെയിനുകളുടെ ഗതാഗതത്തെ അപകടം ബാധിച്ചിട്ടില്ല.