ഭോപ്പാല്‍: പുലർച്ചെയുള്ള ബാങ്ക് വിളിക്കെതിരെ വിളിക്കെതിരെ വിവാദ പരാമര്‍ശവുമായി ബിജെപി എംപി പ്രഗ്യാസിംഗ് ഠാക്കൂര്‍. പുലർച്ചെ ലൗഡ് സ്പീക്കറിലൂടെയുള്ള ശബ്ദം ജനങ്ങളുടെ ഉറക്കവും സന്ന്യാസിമാരുടെ സാധനയും തടസ്സപ്പെടുത്തുന്നുവെന്ന് പ്രഗ്യാസിങ് പറഞ്ഞു.
”ജനങ്ങൾ ബലം പ്രയോഗിച്ച് ലൗഡ് സ്പീക്കർ ഉപയോഗിക്കുകയാണ്, പക്ഷെ അവർ മറ്റു മതസ്ഥരുടെ പ്രാർത്ഥനയെക്കുറിച്ച് ചിന്തിക്കുന്നില്ല. പുലർച്ചെ അഞ്ചുമണി മുതൽ എല്ലാവരുടെയും ഉറക്കം നഷ്ടപ്പെടുകയാണ്. രോഗികളുടെ രക്തസമ്മർദം ഉയരുന്നു, നിരവധി പ്രശ്നങ്ങളാണ് ഇവർക്കുണ്ടാവുന്നത്”-പ്രഗ്യാസിങ് പറഞ്ഞു.
പുലർച്ചെ മൈക്കിലൂടെയുള്ള ശബ്ദം ഹൈന്ദവ സന്ന്യാസിമാരുടെ സാധനയെ തടസ്സപ്പെടുത്തുന്നുവെന്നും അവർ പറഞ്ഞു. പുലർച്ചെ നാലുമണിക്കാണ് സന്ന്യാസിമാർ സാധന ആരംഭിക്കുന്നത്. അത് ബ്രഹ്മ മുഹൂർത്തമാണ്. ഞങ്ങളുടെ ആദ്യ ആരതിക്കുള്ള സമയവും അതാണ്. എന്നാൽ അതിനെക്കുറിച്ച് ആരും ആശങ്കപ്പെടുന്നില്ല. നമ്മൾ ലൗഡ് സ്പീക്കർ ഉപയോഗിക്കുകയാണെങ്കിൽ അവർ പ്രശ്നമുണ്ടാക്കും. മറ്റു മതക്കാരുടെ പ്രാർത്ഥനകൾ കേൾക്കുന്നത് ഇസ്ലാമിൽ അനുവദനീയമല്ലെന്നും പ്രഗ്യാസിങ് ആരോപിച്ചു.
പ്രഗ്യാസിങ്ങിന്റെ പ്രസ്താവനക്കെതിരെ നിരവധി പേര് രൂക്ഷ വിമർശനവുമായി രംഗത്തെത്തി.