ന്യൂഡല്‍ഹി: 2014ല്‍ നരേന്ദ്ര മോദി (Narendra Modi) പ്രധാനമന്ത്രിയായതിന് ശേഷമാണ് ഇന്ത്യക്ക് സ്വാതന്ത്ര്യം ലഭിച്ചതെന്ന ബോളിവുഡ് നടി കങ്കണ റണാവത്തിന്റെ (Kangana Ranaut) പരാമര്‍ശത്തിനെതിരെ ആഞ്ഞടിച്ച് ബിജെപി നേതാവും എംപിയുമായ വരുണ്‍ ഗാന്ധി(Varun Gandhi). കങ്കണയുടെ പരാമര്‍ശത്തെ ഭ്രാന്ത് എന്നാണോ രാജ്യദ്രോഹമെന്നാണോ വിളിക്കേണ്ടതെന്ന് വരുണ്‍ ഗാന്ധി ചോദിച്ചു. സ്വാതന്ത്ര്യസമര സേനാനികളെ അപമാനിക്കുന്നതാണ് കങ്കണയുടെ പരാമര്‍ശമെന്നും അദ്ദേഹം പറഞ്ഞു.
”മഹാത്മാഗാന്ധിയുടെ ത്യാഗങ്ങളെ അപമാനിക്കുന്നു, ഗാന്ധി ഘാതകരെ പ്രകീര്‍ത്തിക്കുന്നു. മംഗള്‍ പാണ്ഡെ, റാണി ലക്ഷ്മി ഭായി, ഭഗത് സിങ്, ചന്ദ്രശേഖര്‍ ആസാദ്, നേതാജി സുഭാഷ് ചന്ദ്രബോസ് തുടങ്ങി ലക്ഷക്കണക്കിന് വരുന്ന സ്വാതന്ത്ര്യസമര പോരാളികളുടെ ത്യാഗത്തെ അപമാനിച്ചു. ഇത്തരം ചിന്തകളെ ഭ്രാന്തെന്നോ രാജ്യദ്രോഹമെന്നോ ആണ് താന്‍ വിളിക്കുക”- വരുണ്‍ ഗാന്ധി ട്വീറ്റ് ചെയ്തു.
ഒരു ദേശീയ മാധ്യമത്തിന്റെ വാര്‍ഷിക സമ്മേളനത്തില്‍ പങ്കെടുത്ത് സംസാരിക്കവേയായിരുന്നു കങ്കണ ഇന്ത്യയുടെ സ്വാതന്ത്ര്യ സമരത്തെക്കുറിച്ച് വിവാദ പരാമര്‍ശം നടത്തിയത്. 1947-ല്‍ ലഭിച്ചത് സ്വാതന്ത്ര്യമായിരുന്നില്ലെന്നും അത് ഭിക്ഷയായിരുന്നുവെന്നുമാണ് കങ്കണ പറഞ്ഞത്. 2014-ല്‍ ആണ് നമുക്ക് യഥാര്‍ത്ഥ സ്വാതന്ത്ര്യം ലഭിച്ചതെന്നും കങ്കണ പറഞ്ഞു.















