ദുബായ് : യു.എ.ഇ.യിൽനിന്ന് ഇന്ത്യയിലേക്കുള്ള വിമാനടിക്കറ്റ് നിരക്കിൽ ആറിരട്ടിയോളം വർധന. ഒരു വശത്തേക്ക് മാത്രമുള്ള ടിക്കറ്റിന് മാത്രം 1500 മുതൽ 6000 ദിർഹം വരെയാണ് ഉയർന്നിരിക്കുന്നത്.
അതേസമയം, യു.എ.ഇ.യിലെ സ്കൂളുകൾക്ക് ക്രിസ്‌മസിനോടനുബന്ധിച്ച് അവധിവരുന്നതും വർഷാവസാനം എടുക്കാനുള്ള അവധികൾ എടുത്തുതീർക്കാൻ കമ്പനികൾ ജീവനക്കാരെ പ്രേരിപ്പിക്കുന്നതുമെല്ലാം നാട്ടിലേക്കുള്ള യാത്രക്കാരുടെ എണ്ണത്തിൽ വൻവർധനയുണ്ടാക്കിയിട്ടുണ്ട്. അതേസമയം യാത്രക്കാരുടെ എണ്ണം വർധിച്ചിട്ടും കൂടുതൽ വിമാനങ്ങളില്ലാത്തതിൽ പ്രവാസികൾക്കിടയിൽ പ്രതിഷേധമുയരുന്നുണ്ട്.
എക്സ്‌പോ 2020, ഗ്ലോബൽ വില്ലേജ് എന്നിവ ആരംഭിച്ചതോടെ നാട്ടിൽനിന്ന് ദുബായിലേക്കുള്ള സന്ദർശക പ്രവാഹം തുടങ്ങിയതും വിമാനനിരക്ക് കുത്തനെ ഉയരാൻ കാരണമായിട്ടുണ്ട്. ഡിസംബറിൽ അധികവിമാനങ്ങൾ ഏർപ്പെടുത്തുന്നത് പതിവായിരുന്നെങ്കിലും എയർ ബബിൾ കരാർ നിലനിൽക്കുന്നതിനാൽ സീറ്റുകളുടെ എണ്ണം വർധിപ്പിക്കാൻ വിമാനക്കമ്പനികൾക്ക് കഴിയാത്ത സാഹചര്യമാണുള്ളത്. സർക്കാരുടെ അടിയന്തര ഇടപെടലിലൂടെ ഷെഡ്യൂൾഡ് വിമാനസർവീസുകൾ പുനഃസ്ഥാപിക്കുന്നതിന് നടപടികൾ സ്വീകരിക്കണമെന്നാണ് പ്രവാസികൾ ആവശ്യപ്പെടുന്നത്.
കോവിഡ് രോഗവ്യാപനം നിയന്ത്രിക്കുന്നതിലും വാക്സിൻ നൽകുന്നതിലും ഇന്ത്യകൈവരിച്ച നേട്ടം ചൂണ്ടിക്കാട്ടി യാത്രാ നിയന്ത്രണങ്ങളിൽ ഇളവ് നേടിയെടുക്കാൻ ഉന്നതതല ഇടപെടൽ മാത്രമാണ് പോംവഴിയെന്ന് പ്രവാസികൾ പറയുന്നു. അതേസമയം, യു.എ.ഇ.യിൽ കഴിഞ്ഞ കുറേ ദിവസങ്ങളായി പ്രതിദിന കോവിഡ് ബാധിതരുടെ എണ്ണം 100-നും താഴെയെത്തിയത് ആശ്വാസമാണ്. അതുകൊണ്ടുതന്നെ ഉയർന്ന ടിക്കറ്റ് നിരക്കുകൊടുത്തും രാജ്യത്തേക്കെത്താൻ വിനോദസഞ്ചാരികൾ താത്പര്യപ്പെടുന്നുണ്ട്. മികച്ച കോവിഡ് പ്രതിരോധനടപടികളാണ് യു.എ.ഇ. സ്വീകരിച്ചുവരുന്നത്. ബുധനാഴ്ച 75 പേരിൽ മാത്രമാണ് രോഗം സ്ഥിരീകരിച്ചത്. ചികിത്സയിലായിരുന്ന 99 പേർ രോഗമുക്തരായതായും ആരോഗ്യ, രോഗപ്രതിരോധ മന്ത്രാലയം അറിയിച്ചു. പുതിയ മരണങ്ങളൊന്നുമില്ല. ആകെ 9.59 കോടി കോവിഡ് പരിശോധനകളാണ് രാജ്യത്ത് ഇതുവരെ നടത്തിയത്.
ഇതുവരെയുള്ള കണക്കുകൾ പ്രകാരം ആകെ 7,40,647 പേർക്ക് യു.എ.ഇ.യിൽ വൈറസ് ബാധ സ്ഥിരീകരിച്ചിട്ടുണ്ട്. ഇവരിൽ 7,35,173 പേർ ഇതിനോടകംതന്നെ രോഗമുക്തരായി. 2,142 പേരാണ് രാജ്യത്ത് ആകെ മരിച്ചത്. നിലവിൽ 3,332 കോവിഡ് രോഗികളാണ് ചികിത്സയിലുള്ളത്.