അധികംപേരൊന്നും എത്തിയിട്ടില്ലാത്ത അങ്ങനെയൊരിടമുണ്ട്.പുതുതായി കാണാൻ പോകുന്ന എല്ലാ വിനോദ യാത്രകളിൽ നിന്നും ഒരു പുതു സന്തോഷം നമുക്ക് ലഭിക്കാറുണ്ട്. യാത്രയുടെ ആഹ്ലാദങ്ങള്‍ തേടിപ്പോകുന്നവര്‍ക്ക് ഒന്നുരണ്ടു ദിവസം ചിലവഴിച്ച് പ്രകൃതിയെയും നാടിനെയും ജീവിതരീതികളെയും പരിചയപ്പെടുവാന്‍ പറ്റിയ ഒരിടത്തേക്ക് പോയി നോക്കാം..
ലക്ഷദ്വീപ് ദ്വീപിലെ “ബംഗാരം അറ്റോള്‍”! അറബിക്കടലിന്റെ നീലാകാശത്തിനു താഴെ കണ്ണുനീര് തുള്ളി ആകൃതിയിലുള്ള ഒരു ചെറു ദ്വീപ്..!
അഗത്തിക്കും കവരത്തിക്കും വളരെ അടുത്താണ് ഇത് സ്ഥിതി ചെയ്യുന്നത് എങ്കില്‍ പോലും ഇതിനെ തേടിയെത്തുന്നവര്‍ വളരെ കുറവാണ്. കേട്ടറിഞ്ഞു മാത്രം എത്തുന്നവരാണ് ഇവിടുത്തെ സഞ്ചാരികളിൽ മിക്കവരും, ജനക്കൂട്ടത്തില്‍ നിന്ന് വളരെ അകലെയായതിനാല്‍ തിരക്കും ബഹളവും ഇവിടെയില്ല.ബോട്ടിലോ ഹെലികോപ്റ്ററിലോ ഇവിടേക്കെത്താവുന്നതാണ്.
നഗരങ്ങളിലെ ഭ്രാന്തമായ തിരക്കില്‍ നിന്ന് രക്ഷപ്പെടാന്‍ പറ്റിയ സ്ഥലമാണെങ്കിലും, നമ്മെ ആവേശഭരിതരാക്കുന്ന ഈ അറ്റോളിന് മറ്റൊരു മുഖം കൂടിയുണ്ട്. കടല്ത്തിരകളിലേറി ആവേശഭരിതരാകുവാന്‍ ഇതിനോളം പറ്റിയ ഇടങ്ങള്‍ ദ്വീപില്‍ കുറവാണ്. സ്കൂബ ഡൈവിംഗിനും സ്നോര്‍ക്കെല്ലിംഗിനും മികച്ച സാധ്യതകളാണ് ഇവിടെയുള്ളത്.
മനസ്സിനും ശരീരത്തിനും ഒരുപോലെ ശാന്തത നല്കുവാന് കടല്‍ തെറാപ്പി വളരെ മികച്ചതാണ്. ജലത്തിന്റെ ശാന്തതയെ മറികടക്കാന്‍ യാതൊന്നിനും കഴിയില്ല. കടലിലേക്കിറങ്ങുന്നത് താല്പര്യമില്ലാത്ത ആളാണെങ്കില്‍ കടല്‍ത്തീരത്ത് കിടക്കാനും അനന്തമായ സ്വപ്നങ്ങള്‍ കാണാനും സമയം ചിലവഴിക്കാം.
പുറം ലോകത്തിന്റെ മായകളോ കാഴ്ചകളോ ഇല്ലാതെ പ്രകൃതിയോട് ചേര്‍ന്നുള്ള കുറച്ച് ദിവസങ്ങളാണ് ബംഗാരം സഞ്ചാരികള്‍ക്ക് നല്‍കുന്നത്. മണല്‍ നിറഞ്ഞ ബീച്ചുകളില്‍ പുറത്തിരുന്ന് ഭക്ഷണം കഴിക്കുന്നതും കിടിലന്‍ കടല്‍ക്കാഴ്ചകളുള്ള കോട്ടേജില്‍ താമസിക്കുന്നതും തിരമാലയുടെ ശബ്ദം കേട്ടുറങ്ങി അതിന്റെ ലാളനയില്‍ ഉണരുന്നതും ഈ ദ്വീപിൽ നിന്നും ആസ്വാദിക്കാം.