അബുദാബി∙ വാഹനങ്ങളിൽ നിന്നുള്ള സംഗീതം പരിധിവിട്ടാൽ നടപടിയെന്നു പൊലീസ് മുന്നറിയിപ്പ് നൽകി. ജോലി കഴിഞ്ഞ് വീടുകളിൽ വിശ്രമിക്കുന്നവർ, വയോധികർ, നിശ്ചയദാർഢ്യ വിഭാഗക്കാർ എന്നിവർ ശബ്ദമലിനീകരണം മൂലം ബുദ്ധിമുട്ടുന്നതായി പരാതികൾ ലഭിച്ചതിനെ തുടർന്നാണിത്.
തണുപ്പുകാലമായതോടെ വാഹനത്തിന്റെ ചില്ലുകൾ താഴ്ത്തി ഉച്ചത്തിൽ പാട്ടുവയ്ക്കുന്ന പ്രവണത കൂടി. നിയമം ലംഘിക്കുന്നവരെ പിടികൂടുമെന്ന് പൊലീസ് പട്രോളിങ് ഉപമേധാവി ബ്രിഗേഡിയർ സാലിം അബ്ദുല്ല ബിൻ ബറാക് അൽ അമിരി അറിയിച്ചു.
2,000 ദിർഹം പിഴയും 12 ബ്ലാക് പോയിന്റുമാണ് ശിക്ഷ. ശബ്ദം കൂട്ടാൻ വാഹനത്തിന്റെ എൻജിനിൽ മാറ്റം വരുത്തിയാൽ 1,000 ദിർഹം പിഴയും 12 ബ്ലാക് പോയിന്റുമാണ് ശിക്ഷ. കൂടാതെ 30 ദിവസത്തേക്ക് വാഹനം പിടിച്ചെടുക്കും.