ബോളിവുഡ് താരങ്ങളായ കത്രീന കൈഫിലും (Katrina Kaif) വിക്കി കൗശലിനും (Vicky Kaushal) ഇടയിലുള്ള ‘അടുപ്പം’ സോഷ്യൽ മീഡിയയിൽ ട്രെൻഡിംഗ് ഹാഷ് ടാഗുകൾ സൃഷ്‍ടിക്കാൻ തുടങ്ങിയിട്ട് രണ്ട് വർഷത്തിനു മേലെയായി. ഇരുവരും വിവാഹിതരാവാൻ പോകുന്നുവെന്ന റിപ്പോർട്ടുകൾക്കും അത്ര തന്നെ പഴക്കമുണ്ട്. എന്നാൽ ഇപ്പോഴിതാ ആ വാർത്തകൾ അവസാനം സത്യമാവാൻ പോകുന്നുവെന്നാണ് ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്. ബോളിവുഡിൽ വലിയ ആരാധകവൃന്ദമുള്ള ഈ താരങ്ങൾ ഡിസംബർ ആദ്യ വാരം വിവാഹിതരാകുമെന്ന് (Katrina Kaif – Vicky Wedding) ബോളിവുഡ് ലൈഫ് റിപ്പോർട്ട് ചെയ്യുന്നു.
രാജസ്ഥാനിലെ സവായ് മധോപൂരിലുള്ള സിക്സ് സെൻസസ് ഫോർട്ട് ബർവാന റിസോർട്ട് ആണ് വിവാഹവേദി. വിക്കി കൗശലിന് വിവാഹം മെയ് മാസത്തിൽ നടത്താനായിരുന്നു താൽപര്യമെന്നും എന്നാൽ ഡിസംബർ എന്നത് കത്രീനയുടെ താൽപര്യമായിരുന്നുവെന്നും റിപ്പോർട്ടുകളിൽ പറയുന്നു. മണിക്കൂറുകളോളം നീളുന്ന ചടങ്ങുകളും ആഘോഷങ്ങളുമായുള്ള ഔട്ട്ഡോർ വെഡ്ഡിംഗ് ആണ് കത്രീന മനസിൽ കാണുന്നതെന്നും രാജസ്ഥാനിൽ മെയ് മാസത്തിൽ അത്തരമൊരു ചടങ്ങ് നടത്താനുള്ള പ്രായോഗിക ബുദ്ധിമുട്ട് കാരമം ഡിസംബർ മാസം തീരുമാനിക്കുകയായിരുന്നുവെന്നും ബോളിവുഡ് ലൈഫിൻറെ റിപ്പോർട്ടിൽ പറയുന്നു.
ഇരുവരുടെയും വിവാഹ നിശ്ചയം കഴിഞ്ഞതായി ടൈംസ് ഓഫ് ഇന്ത്യ നേരത്തെ റിപ്പോർട്ട് ചെയ്‍തിരുന്നു. സംവിധായകൻ കബീർ ഖാൻറെ മുംബൈയിലെ വസതിയിൽ വച്ച് തീർത്തും സ്വകാര്യമായി നടത്തിയ ചടങ്ങ് ആയിരുന്നു ഇത്. പാപ്പരാസികളുടെ ശ്രദ്ധയിൽ പെടാതിരിക്കാൻ ഇരുവരും രണ്ട് കാറുകളിലായാണ് ചടങ്ങിനെത്തിയതെന്നും റിപ്പോർട്ടുകൾ ഉണ്ടായിരുന്നു. വിക്കി കൗശലിനൊപ്പം സഹോദരൻ സണ്ണിയും മാതാപിതാക്കളുമാണ് എത്തിയത്. കത്രീനയ്ക്കൊപ്പം സഹോദരി ഇസബെല്ലും അമ്മ സുസെയ്‍നും.
സംവിധായകൻ കരൺ ജോഹർ അവതാരകനാവുന്ന കോഫി വിത്ത് കരൺ എന്ന അഭിമുഖ പരിപാടിയിൽ വിക്കി കൗശലിനൊപ്പം അഭിനയിക്കാനുള്ള ആഗ്രഹം കത്രീന പങ്കുവച്ചതോടെയാണ് ഇരുവർക്കുമിടയിലെ ‘അടുപ്പം’ സോഷ്യൽ മീഡിയയും പിന്നീട് മാധ്യമങ്ങളും ശ്രദ്ധിക്കുന്നത്. 2019ലെ സീ സിനി അവാർഡ്‍സിലും ഇരുവർക്കുമിടയിൽ രസകരമായ നിമിഷങ്ങളുണ്ടായി. പിന്നീട് പലപ്പോഴും, രണ്ടിലൊരാളുടെ പിറന്നാളിനും മറ്റും ട്വിറ്ററിൽ പലതവണ ഇരുവരും ട്രെൻഡിംഗ് ടാഗുകളായി. വലിയ പ്രേക്ഷക സ്വീകാര്യത നേടിയ സർദാർ ഉദ്ധം ആണ് വിക്കി കൗശലിൻറേതായി അവസാനം റിലീസ് ചെയ്യപ്പെട്ട സിനിമ. അതേസമയം അക്ഷയ് കുമാർ നായകനായ സൂര്യവൻശിയാണ് കത്രീനയുടേതായി പുറത്തെത്തിയ അവസാന ചിത്രം.