ദുബൈ: കോവിഡ് വ്യാപന പശ്ചാത്തലത്തിൽ പള്ളികളിൽ ഏർപ്പെടുത്തിയ നിയന്ത്രണങ്ങളിൽ ഇളവ്. സ്ത്രീകളുടെ നമസ്കാര മുറികൾ, അംഗശുദ്ധി വരുത്തുന്ന സ്ഥലം, വാഷ്റൂമുകൾ എന്നിവ തുറക്കാൻ അനുമതി നൽകിയിട്ടുണ്ട്. കോവിഡ് വ്യാപന ഘട്ടത്തിൽ അടച്ചിട്ടിരുന്ന പള്ളികൾ നിയന്ത്രണങ്ങളോടെ കഴിഞ്ഞ വർഷം തുറന്നിരുന്നു.
എന്നാൽ, സ്ത്രീകളുടെ നമസ്കാര മുറിയും മറ്റിടങ്ങളും തുറക്കാൻ അനുമതി നൽകിയിരുന്നില്ല. വിവിധയിടങ്ങളിൽ സാഹചര്യം പരിഗണിച്ച് ഇളവുകൾ നൽകിയിട്ടുമുണ്ട്. കഴിഞ്ഞയാഴ്ച ഷാർജയിൽ സ്ത്രീകളുടെ നമസ്കാരമുറി തുറക്കാൻ തീരുമാനിച്ചിരുന്നു.
ഇക്കാര്യത്തിൽ ചൊവ്വാഴ്ചയാണ് ദേശീയ ദുരന്ത നിവാരണ അതോറിറ്റി ഇളവുകൾ ഔദ്യോഗികമായി പ്രഖ്യാപിച്ചത്.
അതേസമയം, പള്ളികളിൽ കൃത്യമായി സാമൂഹിക അകലം പാലിക്കണമെന്ന് അധികൃതർ നിർദേശിച്ചു. ഒന്നരമീറ്റർ അകലമാണ് പാലിക്കേണ്ടത്. ഒാരോ നമസ്കാരത്തിനുശേഷവും പള്ളികൾ ശുചിയാക്കുകയും അണുനശീകരണം നടത്തുകയും ചെയ്യുക, നമസ്കാരങ്ങൾക്ക് ശേഷം പള്ളി അടച്ചിടുക, അറബിയിലും ഇംഗ്ലീഷിലും ഉർദുവിലും ബോധവത്കരണ പോസ്റ്ററുകൾ പതിക്കുക, ഇമാമും ശുചീകരണ തൊഴിലാളികളും വാക്സിനേഷൻ പൂർത്തിയാക്കുകയും 14 ദിവസത്തിൽ പി.സി.ആർ പരിശോധന നടത്തുകയും ചെയ്യുക എന്നീ നിബന്ധനകളിൽ മാറ്റമില്ലെന്നും അധികൃതർ അറിയിച്ചു.