ദുബൈ: ജോലിയില്‍ നിന്ന് വിരമിച്ച ശേഷവും പ്രവാസികള്‍ക്ക് യുഎഇയില്‍(UAE) തുടരാന്‍ അനുവദിക്കുന്ന പുതിയ വിസ പദ്ധതിക്ക് അംഗീകാരം. വിരമിച്ചവര്‍ക്കായി പ്രത്യേക താമസ വിസയ്ക്ക് അംഗീകാരം നല്‍കിയതായി യുഎഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബൈ ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മക്തൂം (Sheikh Mohammed bin Rashid Al Maktoum)അറിയിച്ചു.
ചൊവ്വാഴ്ച എക്‌സ്‌പോ നഗരിയിലെ(Expo 2020) യുഎഇ പവലിയനില്‍ ചേര്‍ന്ന മന്ത്രിസഭാ യോഗത്തിന് ശേഷമാണ് ശൈഖ് മുഹമ്മദ് പ്രഖ്യാപനം നടത്തിയത്.
വിരമിച്ച പ്രവാസികള്‍ക്ക് റെസിഡന്‍സി അനുവദിക്കുന്നതിനുള്ള വ്യവസ്ഥകള്‍ക്ക് അംഗീകാരം നല്‍കിയെന്നും എല്ലാവരെയും രാജ്യത്തേക്ക് സ്വാഗതം ചെയ്യുന്നതായും ശൈഖ് മുഹമ്മദ് ട്വിറ്ററില്‍ കുറിച്ചു.
55 വയസ്സ് കഴിഞ്ഞവര്‍ക്ക് അഞ്ചുവര്‍ഷ റിട്ടയര്‍മെന്റ് വിസ അനുവദിക്കുമെന്ന് 2018ല്‍ പ്രഖ്യാപിച്ചിരുന്നു. ചില നിയന്ത്രണങ്ങളും മാനദണ്ഡങ്ങളും അനുസരിച്ച് സര്‍ക്കാര്‍ സ്ഥാപനങ്ങള്‍ക്ക് അവരുടെ വികസന പരിപാടികള്‍ക്കായി ധനസഹായം അനുവദിക്കാന്‍ കഴിയുന്ന ഫെഡറല്‍ ഗവണ്‍മെന്റ് ഫണ്ട് നയവും മന്ത്രിസഭ അംഗീകരിച്ചു.