രാജമൗലി (Rajamouli) സംവിധാനം ചെയ്യുന്ന ചിത്രം ‘ആർആർആർ’ (RRR) റിലീസിനായി കാത്തിരിക്കുകയാണ് ആരാധകർ. ജൂനിയർ എൻടിആർ, രാംചരൺ എന്നിവരാണ് ചിത്രത്തിൽ പ്രധാന കഥാപാത്രങ്ങളായി എത്തുന്നത്. കൊവിഡ് കാരണം ചിത്രത്തിന്റെ ഷൂട്ടിംഗ് കുറെ നീണ്ടുപോയിരിക്കുന്നു. റിലീസിന് തയ്യാറായിക്കൊണ്ടിരിക്കുന്ന ചിത്രത്തിലെ ഗാനത്തിന്റെ പ്രമോ പുറത്തുവിട്ടിരിക്കുകയാണ് .
തെലുങ്ക്, തമിഴ്, മലയാളം, കന്നഡ ഭാഷകളിലാണ് ചിത്രം എത്തുക. മലയാളം ഭാഷയിലെ ചിത്രത്തിന് വേണ്ടി ഗാനം ആലപിച്ചിരിക്കുന്നത് കെ എസ് ഹരിശങ്കർ, യാസിൻ നിസാർ എന്നിവർ ചേർന്നാണ്. മരഗതമണിയാണ് മലയാളം ചിത്രത്തിന്റെ സംഗീത സംവിധായകൻ. മലയാളം ഭാഷയിലെ ചിത്രത്തിലെ ഗാനരചന നിർവഹിക്കുന്നത് മങ്കൊമ്പ് ഗോപാലകൃഷ്‍ണൻ ആണ്.
ഡിവിവി എന്റർടൈൻമെന്റിന്റെ ബാനറിൽ ഡിവിവി ദാനയ്യയാണ് ചിത്രം നിർമ്മിക്കുന്നത്. ഇംഗ്ലീഷിനു പുറമെ പോർച്ചുഗീസ്, കൊറിയൻ, ടർക്കിഷ്, സ്പാനിഷ് ഭാഷകളിലും ചിത്രം എത്തും. ഹിന്ദി ഒഴികെയുള്ള പതിപ്പുകളുടെ സാറ്റലൈറ്റ് റൈറ്റ് സ്റ്റാർ ഇന്ത്യയുടെ ഉടമസ്ഥതയിലുള്ള ചാനലുകളിലാണ്. തെലുങ്ക് പതിപ്പ് സ്റ്റാർ മായിലും തമിഴ് പതിപ്പ് സ്റ്റാർ വിജയിലും മലയാളം പതിപ്പ് ഏഷ്യാനെറ്റിലും കന്നഡ പതിപ്പ് സ്റ്റാർ സുവർണ്ണയിലും പ്രദർശിപ്പിക്കും.
ജൂനിയർ എൻടിആർ, രാംചരൺ എന്നിവർക്കു പുറമേ അജയ് ദേവ്‍ഗൺ, അളിയ ഭട്ട്, ഒലിവിയ മോറിസ്, റേ സ്റ്റീവെൻസൺ, അലിസൺ ഡൂഡി തുടങ്ങിയ താരങ്ങളാണ് രാജമൗലിയുടെ ആർആർആറിൽ അഭിനയിപ്പിക്കുക. 1920കൾ പശ്ചാത്തലമാക്കുന്ന ചിത്രം അല്ലൂരി സീതാരാമ രാജു, കോമരം ഭീം എന്നീ സ്വാതന്ത്ര്യ സമര സേനാനികളുടെ കഥയാണ് പറയുന്നത്. സ്വാതന്ത്ര്യത്തിന് മുമ്പ് തെലങ്കാനയിലെ ആദിവാസി പോരാട്ടങ്ങൾക്ക് നേതൃത്വം കൊടുത്തവരാണ് ഇവർ. യഥാർഥ ജീവിതത്തിൽ നേരിട്ട് കണ്ടിട്ടില്ലാത്ത ഇവർ പരസ്‍പരം കണ്ടിരുന്നെങ്കിലോ എന്ന ഭാവനയിലാണ് ചിത്രത്തിൻറെ കഥ രാജമൗലി എഴുതിയിരിക്കുന്നത്.