മുംബൈ: നടൻ സുശാന്ത് സിങ് രജ്പുതിൻറെ മരണത്തിൽ അന്വേഷണത്തിന് സഹായം തേടി സി.ബി.ഐ യു.എസിനെ സമീപിച്ചു. സുശാന്തിൻറെ ഇ-മെയിലിൽനിന്നും സമൂഹ മാധ്യമ അക്കൗണ്ടുകളിൽനിന്നും നീക്കം ചെയ്ത വിവരങ്ങൾ വീണ്ടും ലഭ്യമാക്കുന്നതിനാണ് സഹായം അഭ്യർഥിച്ചിരിക്കുന്നത്.
വിവരങ്ങൾ ലഭ്യമാക്കേണ്ട ഫേസ്ബുക്കിൻറെയും ഗൂഗ്ളിൻറെയും ആസ്ഥാനം കാലിഫോർണിയയിലായതിനാലാണ് യു.എസ് സഹായം അഭ്യർഥിച്ചത്. മരണം നടന്ന് ഒന്നര വർഷമായെങ്കിലും കേസിൽ ഇതുവരെ നിർണായക കണ്ടെത്തലുകൾ ഒന്നും നടത്താൻ സി.ബി.ഐക്ക് ആയിട്ടില്ല. നിലവിലുള്ള തെളിവുകൾ സംഭവംആത്മഹത്യയാണെന്ന നിഗമനത്തിൽ എത്താൻ സഹായിക്കുന്നവയാണ്.
സാഹചര്യ തെളിവുകളും ദൃക്സാക്ഷി വിവരണവും ഒക്കെ മരണം ആത്മഹത്യ ആണ് എന്ന നിലക്കുള്ളതാണ്. പോസ്റ്റ്‌മോർട്ടം റിപ്പോർട്ട് സൂക്ഷ്മ പരിശോധനക്ക് വിധേയമാക്കിയ എയിംസിലെ ഡേക്ടർമാരും ഇതേ നിഗമനത്തിലാണ് എത്തിയത്. ആത്മഹത്യ പ്രേരണ ആയ എന്തെങ്കിലും സംഗതികൾ ഉണ്ടായിരുന്നോ എന്നറിയാനാണ് സമൂഹ മാധ്യമ അക്കൗണ്ടുകൾ വിശദ പരിശോധനക്ക് വിധേയമാക്കുന്നത്.
അക്കൗണ്ടിൽനിന്ന് സുശാന്ത് ഒഴിവാക്കിയ സന്ദേശങ്ങൾ വീണ്ടെടുക്കാനായാൽ മരണത്തിലേക്ക് നയിച്ച കാരണങ്ങൾ കണ്ടെത്താനാകുമെന്നാണ് സി.ബി.ഐ പ്രതീക്ഷ. അക്കൗണ്ടിൽനിന്ന് ഒഴിവാക്കിയ വിവരങ്ങൾ സാധാരണഗതിയിൽ ഗൂഗിളും ഫെയ്‌സ്ബുക്കും അന്വേഷണ ഏജൻസികൾക്കു നൽകാറില്ല. അതിനാൽ യു.എസുമായുള്ള നിയമസഹായ ഉടമ്പടി പ്രകാരം കേന്ദ്ര ആഭ്യന്തര മന്ത്രാലയം വഴിയാണ് അപേക്ഷ നൽകിയതെന്ന് സി.ബി.ഐ അറിയിച്ചു. സി.ബി.ഐ അന്വേഷണത്തിനു പുറമേ സുശാന്തുമായി ബന്ധപ്പെട്ട പണമിടപാടുകളെക്കുറിച്ച് എൻഫോഴ്‌സ്‌മെൻറ് ഡയറക്ടറേറ്റും മയക്കുമരുന്ന് ഇടപാടുകളെക്കുറിച്ച് നർക്കോട്ടിക്സ് കൺട്രോൾ ബ്യൂറോയും അന്വേഷണം നടത്തുന്നുണ്ട്.