അബൂദബി: ലുലു ഗ്രൂപ് ചെയർമാൻ എം.എ. യൂസുഫലിക്ക് ഇന്തോനേഷ്യയിലെ ഉന്നത ബഹുമതികളിലൊന്നായ പ്രിമ ദുത്ത പുരസ്കാരം. ഇന്തോനേഷ്യയുടെ വാണിജ്യ വ്യവസായ മേഖലക്ക് നൽകിയ സംഭാവനകൾ പരിഗണിച്ചാണ് പുരസ്കാരം. അബൂദബി എമിറേറ്റ്സ് പാലസിൽ നടന്ന ചടങ്ങിൽ ഇേന്താനേഷ്യൻ പ്രസിഡൻറ് ജോകോ വിദോദോ ഉന്നത ബഹുമതി യൂസുഫലിക്ക് കൈമാറി. ഇന്തോനേഷ്യൻ വ്യാപാര മന്ത്രി മുഹമ്മദ് ലുത്ഫി, ഇേന്താനേഷ്യയിലെ യു.എ.ഇ സ്ഥാനപതി അബ്ദുല്ല അൽ ദാഹിരി, യു.എ.ഇയിലെ ഇന്തോനേഷ്യൻ സ്ഥാനപതി ഹുസൈൻ ബാഗിസ് തുടങ്ങിയവർ സന്നിഹിതരായി.
ഇന്തോനേഷ്യയിൽനിന്നുള്ള ഭക്ഷ്യ -ഭക്ഷ്യേതര ഉൽപന്നങ്ങൾ കൂടുതൽ കയറ്റുമതി ചെയ്യുകയും അത് രാജ്യത്തിെൻറ സാമ്പത്തിക മേഖലക്ക് കൂടുതൽ ഉണർവ് പകരുകയും പൗരന്മാർക്ക് കൂടുതൽ തൊഴിൽ അവസരങ്ങൾ ലഭ്യമാക്കുകയും ചെയ്തതിനാണ് ആദരം. ഇന്തോനേഷ്യയുടെ ഉന്നത ബഹുമതി ലഭിച്ചതിൽ സന്തോഷവും അഭിമാനവുമുണ്ടെന്നും നന്ദി രേഖപ്പെടുത്തുന്നുവെന്നും യൂസഫലി പറഞ്ഞു. നിലവിലുള്ള അഞ്ച് ഹൈപ്പർമാർക്കറ്റുകൾ കൂടാതെ അബൂദബി സർക്കാർ ഉടമസ്ഥതയിലുള്ള എ.ഡി.ക്യുവുമായി ചേർന്ന് വിനോദസഞ്ചാര കേന്ദ്രമായ ബാലി ഉൾപ്പെടെ 30 ഹൈപ്പർമാർക്കറ്റുകൾ കൂടി തുടങ്ങാനും ഇ-കോമേഴ്സിൽ കൂടുതൽ ശ്രദ്ധ കേന്ദ്രീകരിക്കാനും ധാരണയായി. ഇന്തോനേഷ്യയിൽ 3000 കോടി (500 മില്യൺ ഡോളർ) രൂപയാണ് ലുലുവിെൻറ നിക്ഷേപം.