നടനും നാടകപ്രവർത്തകനുമായ ചുങ്കം പുത്തൻപുരയ്ക്കൽ ലത്തീഫ് (ആലപ്പി ലത്തീഫ്) അന്തരിച്ചു. 85 വയസ്സായിരുന്നു. 50-ലധികം സിനിമകളിൽ വേഷമിട്ട ആലപ്പി ലത്തീഫ് പിന്നീട് ആലപ്പുഴയിൽ വലിയകുളത്ത് പുരാവസ്തുവ്യാപാരം നടത്തുകയായിരുന്നു. വാർദ്ധക്യസഹജമായ അസുഖത്തെ തുടർന്നായിരുന്നു അന്ത്യം. ഖബറടക്കം ആലപ്പുഴ മസ്താൻപള്ളി കിഴക്കേ ജുമാമസ്ജിദിൽ നടന്നു.
തിരക്കഥാകൃത്ത് ശാരംഗപാണിയുമായുള്ള സൗഹൃദത്തിലൂടെയാണ് ലത്തീഫ് കുഞ്ചാക്കോയുടെ ഉദയ സ്റ്റുഡിയോയിൽ എത്തുന്നത്. ഉദയ നിർമ്മിച്ച ഉമ്മ, ആരോമലുണ്ണി, കണ്ണപ്പനുണ്ണി എന്നീ ചിത്രങ്ങളിലും നവോദയ അപ്പച്ചന്റെ തച്ചോളി അമ്പു, കടത്തനാട്ടുമാക്കം, മാമാങ്കം, തീക്കടൽ ഫാസിൽ ചിത്രങ്ങളായ ഈറ്റില്ലം, മറക്കില്ലൊരിക്കലും എന്നിങ്ങനെ നിരവധി സിനിമകളിൽ അഭിനയിച്ചിട്ടുണ്ട്. ഭാര്യ: ബീമ. മക്കൾ: ബീന, ഹാസ്ലിം, നൈസാം, ഷാഹിർ. മരുമക്കൾ: ഷാജി, കെ.എസ്. അനീഷ, മുംതാസ്.