അബുദാബി: ടി20 ലോകകപ്പില്‍ (T20 World Cup) നിന്ന് ടീം ഇന്ത്യക്ക് നാട്ടിലേക്ക് മടങ്ങാം. ഗ്രൂപ്പിലെ നിര്‍ണായക മത്സരത്തില്‍ അഫ്ഗാനിസ്ഥാനെ ന്യൂസിലന്‍ഡ് തോല്‍പ്പിച്ചതോടെയാണ് ഇന്ത്യയുടെ മടക്കം തീരുമാനമായത്. ഇന്ത്യ ഗ്രൂപ്പില്‍ മൂന്നാമതാണ്. ആദ്യ രണ്ട് സ്ഥാനങ്ങളിലുള്ള ന്യൂസിലന്‍ഡും പാകിസ്ഥാനും സെമിയിലേക്ക് മുന്നേറി.
2012-ന് ശേഷം ഇതാദ്യമായാണ് ഇന്ത്യന്‍ ടീം ഒരു ഐസിസി ടൂര്‍ണമെന്റിന്റെ നോക്കൗട്ട് സ്‌റ്റേജിലെത്താതെ പുറത്താകുന്നത്. ഇതോടെ ഒരു ട്വന്റി 20 ലോകകപ്പ് വിജയം പോലുമില്ലാതെ ഇന്ത്യന്‍ ക്യാപ്റ്റന്‍ വിരാട് കോലി ട്വന്റി 20 ക്യാപ്റ്റന്‍ സ്ഥാനം ഒഴിയും.
അഫ്ഗാന്‍ ഉയര്‍ത്തിയ 125 റണ്‍സ് വിജയലക്ഷ്യം കിവീസ് 18.1 ഓവറില്‍ രണ്ട് വിക്കറ്റ് മാത്രം നഷ്ടപ്പെടുത്തി മറികടന്നു. 125 റണ്‍സ് വിജയലക്ഷ്യത്തിലേക്ക് ബാറ്റെടുത്ത കിവീസിന്റേത് ഭേദപ്പെട്ട തുടക്കമായിരുന്നു. സ്‌കോര്‍ 26-ല്‍ നില്‍ക്കേ 12 പന്തില്‍ 17 റണ്‍സുമായി ഡാരില്‍ മിച്ചല്‍ മടങ്ങി.
23 പന്തില്‍ നിന്ന് നാലു ഫോറടക്കം 28 റണ്‍സെടുത്ത മാര്‍ട്ടിന്‍ ഗുപ്റ്റിലിനെ ഒമ്പതാം ഓവറില്‍ റാഷിദ് ഖാന്‍ മടക്കി. പിന്നാലെ മൂന്നാം വിക്കറ്റില്‍ 68 റണ്‍സ് ചേര്‍ത്ത കെയ്ന്‍ വില്യംസണ്‍ – ഡെവോണ്‍ കോണ്‍വെ സഖ്യമാണ് കിവീസിനെ വിജയത്തിലെത്തിച്ചത്.
42 പന്തുകള്‍ നേരിട്ട വില്യംസണ്‍ 40 റണ്‍സോടെ പുറത്താകാതെ നിന്നു. കോണ്‍വെ 32 പന്തില്‍ നിന്ന് 36 റണ്‍സെടുത്തു.
നേരത്തെ ടോസ് നേടി ആദ്യം ബാറ്റിങ്ങിനിറങ്ങിയ അഫ്ഗാന് നിശ്ചിത 20 ഓവറില്‍ എട്ടു വിക്കറ്റ് നഷ്ടത്തില്‍ 124 റണ്‍സെടുക്കാനേ സാധിച്ചുള്ളൂ. അര്‍ധ സെഞ്ചുറി നേടിയ നജിബുള്ള സദ്രാന് മാത്രമാണ് അഫ്ഗാന്‍ നിരയില്‍ ഭേദപ്പെട്ട പ്രകടനം നടത്താനായത്. 48 പന്തുകള്‍ നേരിട്ട സദ്രാന്‍ മൂന്ന് സിക്‌സും ആറ് ഫോറുമടക്കം 73 റണ്‍സെടുത്തു.
നാല് ഓവറില്‍ വെറും 17 റണ്‍സ് മാത്രം വഴങ്ങിയ മൂന്ന് വിക്കറ്റ് വീഴ്ത്തിയ ട്രെന്‍ഡ് ബോള്‍ട്ടാണ് കിവീസ് ബൗളിങ് നിരയില്‍ തിളങ്ങിയത്. ടിം സൗത്തി രണ്ട് വിക്കറ്റ് വീഴ്ത്തി.