അബുദാബി: ട്വന്റി-20 ലോകകപ്പിൽ ന്യൂസീലൻഡിനെതിരേ ടോസ് നേടി ബാറ്റിങ്ങിനിറങ്ങിയ അഫ്ഗാനിസ്താന് മോശം തുടക്കം.
ആറ് ഓവർ പിന്നിടുമ്പോൾ മൂന്ന് വിക്കറ്റ് നഷ്ടത്തിൽ 23 റൺസെന്ന നിലയിലാണ് അഫ്ഗാൻ.മുഹമ്മദ് ഷഹ്‌സാദ് (4), ഹസ്‌റത്തുള്ള സസായ് (2), റഹ്മാനുള്ള ഗുർബാസ് (6) എന്നിവരാണ് പുറത്തായത്. നേരത്തെ ടോസ് നേടിയ അഫ്ഗാനിസ്താൻ ബാറ്റിങ് തിരഞ്ഞെടുക്കുകയായിരുന്നു. മാറ്റമില്ലാതെയാണ് ന്യൂസീലൻഡ് കളിക്കുന്നത്. അഫ്ഗാൻ നിരയിൽ ഒരു മാറ്റമുണ്ട്. ഷറഫുദ്ദീൻ അഷ്റഫിന് പകരം മുജീബുർ റഹ്മാൻ കളിക്കും. പരിക്കിനെ തുടർന്ന് മുജീബുർ റഹ്മാൻ പുറത്തായിരുന്നു. താരത്തിന്റെ തിരിച്ചുവരവ് അഫ്ഗാന്റെ സ്പിൻ ബൗളിങ്ങിന് കരുത്താകും.
ഇന്ത്യൻ ആരാധകർ ആകാംക്ഷയോടെ കാത്തിരിക്കുന്ന മത്സരത്തിൽ ന്യൂസീലൻഡ് വിജയിച്ചാൽ ഇന്ത്യ പുറത്താകും. എട്ടു പോയന്റുമായി ന്യൂസീലൻഡ് സെമിയിലെത്തും. അഫ്ഗാനിസ്താൻ ജയിച്ചാൽ ന്യൂസീലൻഡിനും അഫ്ഗാനിസ്താനും ആറു പോയന്റ് വീതമാകും. അപ്പോൾ ഇന്ത്യയ്ക്ക് സാധ്യതയുണ്ട്.
തിങ്കളാഴ്ച, ഗ്രൂപ്പിലെ അവസാനമത്സരത്തിൽ ഇന്ത്യ നമീബിയയെ തോൽപ്പിച്ചാൽ ഇന്ത്യയ്ക്കും ആറു പോയന്റാകും. വെള്ളിയാഴ്ച സ്‌കോട്ലൻഡിനെതിരേ വമ്പൻ വിജയം നേടിയ ഇന്ത്യ നെറ്റ് റൺറേറ്റിൽ ഗ്രൂപ്പിൽ ഒന്നാമതാണിപ്പോൾ. നമീബിയയ്‌ക്കെതിരേ നല്ല വിജയം നേടിയാൽ റൺറേറ്റിന്റെ ആനുകൂല്യത്തിൽ ഇന്ത്യയ്ക്ക് സെമിഫൈനലിൽ എത്താം. കഴിഞ്ഞ രണ്ടു മത്സരങ്ങളിലെ തകർപ്പൻ ജയം ഇന്ത്യൻ ടീമിന് ആവേശം പകർന്നിട്ടുണ്ട്.