ദുബായ്: ട്വന്റി 20 ലോകകപ്പില്‍ ഇന്ന് നടന്ന ആദ്യ മത്സരത്തില്‍ വെസ്റ്റ് ഇന്‍ഡീസിനെ എട്ട് വിക്കറ്റിന് തകര്‍ത്ത് ഓസ്‌ട്രേലിയ. വിന്‍ഡീസ് ഉയര്‍ത്തിയ 158 റണ്‍സ് വിജയലക്ഷ്യം വെറും 16.2 ഓവറില്‍ രണ്ട് വിക്കറ്റ് നഷ്ടത്തില്‍ ഓസീസ് മറികടന്നു. അഞ്ചു മത്സരങ്ങളിൽ നിന്ന് ഒരു വിജയം മാത്രം നേടിയ നിലവിലെ ചാമ്പ്യന്മാരായ വെസ്റ്റ് ഇൻഡീസ് ടൂർണമെന്റിൽ നിന്ന് പുറത്തായി. ഈ വിജയത്തോടെ ഓസ്‌ട്രേലിയ സെമി ഫൈനല്‍ ഏകദേശം ഉറപ്പിച്ചു.
അര്‍ധസെഞ്ചുറി നേടിയ ഡേവിഡ് വാര്‍ണറും മിച്ചല്‍ മാര്‍ഷുമാണ് ഓസീസിന് അനായാസ വിജയം സമ്മാനിച്ചത്. വാര്‍ണര്‍ 56 പന്തുകളില്‍ നിന്ന് 89 റണ്‍സെടുത്ത് പുറത്താവാതെ നിന്നു. മിച്ചല്‍ മാര്‍ഷ് 53 റണ്‍സ് നേടി.
വിന്‍ഡീസിനുവേണ്ടി ഹൊസെയ്‌നും ഗെയ്‌ലും ഓരോ വിക്കറ്റ് വീതം വീഴ്ത്തി.
ആദ്യം ബാറ്റുചെയ്ത വെസ്റ്റ് ഇന്‍ഡീസ് നിശ്ചിത ഓവറില്‍ ഏഴ് വിക്കറ്റ് നഷ്ടത്തില്‍ 157 റണ്‍സെടുത്തു.44 റണ്‍സടിച്ച നായകന്‍ കീറോണ്‍ പൊള്ളാര്‍ഡാണ് വിന്‍ഡീസിനെ മാന്യമായ സ്‌കോറിലെത്തിച്ചത്.
ഓവറിലെ അവസാന രണ്ടുപന്തുകളിലും സിക്‌സ് നേടിക്കൊണ്ട് റസ്സല്‍ ടീം സ്‌കോര്‍ 157-ല്‍ എത്തിച്ചു. റസ്സല്‍ 18 റണ്ണെടുത്ത് പുറത്താവാതെ നിന്നു.
ഓസ്‌ട്രേലിയയ്ക്ക് വേണ്ടി ജോഷ് ഹെയ്‌സല്‍വുഡ് നാല് വിക്കറ്റ് വീഴ്ത്തിയപ്പോള്‍ മിച്ചല്‍ സ്റ്റാര്‍ക്ക്, പാറ്റ് കമ്മിന്‍സ്, ആദം സാംപ എന്നിവര്‍ ഓരോ വിക്കറ്റ് വീതം നേടി.