കൊവിഡ് രണ്ടാം തരംഗത്തിനു പിന്നാലെ തെന്നിന്ത്യയിലെ സിനിമാ തിയറ്ററുകൾ തുറക്കുന്നതിനു മുൻപു തന്നെ ഉത്തരേന്ത്യയിലെ പല സംസ്ഥാനങ്ങളും തിയറ്ററുകൾ തുറന്നിരുന്നു. എന്നാൽ ഉയർന്ന താരമൂല്യമുള്ള അക്ഷയ് കുമാറിൻറെ (Akshay Kumar) ബെൽബോട്ടം അടക്കമുള്ള ചിത്രങ്ങൾ റിലീസ് ചെയ്യപ്പെട്ടിട്ടുപോലും തിയറ്ററുകളിലേക്ക് കാര്യമായി ആളെത്തിയിരുന്നില്ല. ബോളിവുഡ് (Bollywood) സിനിമകൾക്ക് പ്രധാനമായും കളക്ഷൻ വരുന്ന മഹാരാഷ്ട്രയിൽ (Maharashtra) തിയറ്ററുകൾ തുറക്കാതിരുന്നതാണ് ഇതിന് ഒരു കാരണമായി ട്രേഡ് അനലിസ്റ്റുകൾ ചൂണ്ടിക്കാട്ടിയിരുന്നത്. എന്നാൽ ഒക്ടോബർ 22ന് മഹാരാഷ്ട്രയിലെ തിയറ്ററുകൾ തുറന്നിരുന്നു. പ്രേക്ഷകർ തിയറ്ററുകളിലേക്ക് തിരിച്ചെത്തുമോ എന്ന് ബോളിവുഡ് വ്യവസായം ആകാംക്ഷയോടെ കാത്തിരുന്ന വേളയായിരുന്നു ഈ ദീപാവലി സീസൺ. പുറത്തുവരുന്ന റിപ്പോർട്ടുകൾ പ്രകാരം ആ ട്രെൻഡിന് തുടക്കം കുറിച്ചിരിക്കുകയാണ് അക്ഷയ് കുമാർ നായകനായ പുതിയ ചിത്രം സൂര്യവൻശി (Sooryavanshi).
ഓഗസ്റ്റ് 19ന് റിലീസ് ചെയ്യപ്പെട്ട അക്ഷയ് കുമാറിൻറെ ബെൽബോട്ടത്തിന് ആദ്യദിനം തന്നെ മികച്ച പ്രതികരണങ്ങളാണ് ലഭിച്ചിരുന്നതെങ്കിലും കളക്ഷനിൽ അത് പ്രതിഫലിച്ചിരുന്നില്ല. എന്നാൽ ആ കുറവ് നികത്തുകയാണ് അക്ഷയ്‍യുടെ പുതിയ ചിത്രമെന്നാണ് ട്രേഡ് അനലിസ്റ്റുകളിൽ നിന്ന് ലഭിക്കുന്ന വിവരം. രോഹിത് ഷെട്ടി സംവിധാനം നിർവ്വഹിച്ച ആക്ഷൻ ത്രില്ലർ ചിത്രം ഇന്നലെയാണ് തിയറ്ററുകളിലെത്തിയത്. ആദ്യദിനം ഇന്ത്യയിൽ നിന്നു മാത്രം ചിത്രം നേടിയത് 26.29 കോടിയാണെന്ന് (Sooryavanshi Box Office) ട്രേഡ് അനലിസ്റ്റ് തരൺ ആദർശ് ട്വീറ്റ് ചെയ്‍തു. മഹാരാഷ്ട്രയിലടക്കം പല സംസ്ഥാനങ്ങളിലും പകുതി സീറ്റുകളിലാണ് കാണികൾക്ക് പ്രവേശനം. ഇത് തട്ടിച്ച് നോക്കുമ്പോൾ നല്ല സംഖ്യയാണ് ഇതെന്നാണ് അദ്ദേഹത്തിൻറെ അഭിപ്രായം. കൂടാതെ ഈ വാരാന്ത്യത്തിൽ ചിത്രം മികച്ച നേട്ടമുണ്ടാക്കുമെന്ന പ്രതീക്ഷയും അദ്ദേഹം പങ്കുവെക്കുന്നു.
മഹാരാഷ്ട്രയിലെ തിയറ്ററുകൾ തുറക്കാനുള്ള മുഖ്യമന്ത്രി ഉദ്ധവ് താക്കറെയുടെ പ്രഖ്യാപനം വന്നതിനു പിന്നാലെയാണ് സൂര്യവൻശിയുടെ നിർമ്മാതാക്കൾ ചിത്രത്തിൻറെ റിലീസ് തീയതി പ്രഖ്യാപിച്ചത്. ഈ ദീപാവലിക്ക് ബോളിവുഡിൽ നിന്നുള്ള പ്രധാന റിലീസ് ആയിരുന്നു ചിത്രം. ഭീകരവിരുദ്ധ സേനാ തലവൻ വീർ സൂര്യവൻശി എന്ന കഥാപാത്രത്തെയാണ് അക്ഷയ് കുമാർ അവതരിപ്പിച്ചിരിക്കുന്നത്. മുംബൈ നഗരത്തിൽ സംഭവിക്കാനിടയുള്ള ഒരു ഭീകരാക്രമണത്തെ തടയുക എന്നതാണ് അദ്ദേഹത്തിൻറെ മിഷൻ. രോഹിത്ത് ഷെട്ടിയുടെ മുൻ സിനിമകളിലെ കഥാപാത്രങ്ങളെ രൺവീർ സിംഗും അജയ് ദേവ്ഗണും ആവർത്തിക്കുന്നു എന്നതാണ് മറ്റൊരു പ്രത്യേകത. ‘സിംബ’യിലെ ‘സംഗ്രാം സിംബ ബലിറാവു’ ആയി രൺവീർ എത്തുമ്പോൾ സിംഗം സിരീസിലെ ബജിറാവു സിംഗമായി അജയ് ദേവ്ഗണും വരുന്നു. കത്രീന കൈഫ്, ജാക്കി ഷ്രോഫ്, ഗുൽഷൻ ഗ്രോവർ, ജാവേദ് ജെഫ്രി തുടങ്ങി നിരവധി താരങ്ങളും ചിത്രത്തിൽ എത്തുന്നുണ്ട്. 2020 മാർച്ച് 24ന് തിയറ്ററുകളിൽ എത്തേണ്ടിയിരുന്ന ചിത്രം കൊവിഡ് പശ്ചാത്തലത്തിൽ റിലീസ് നീട്ടുകയായിരുന്നു.