തിരുവനന്തപുരം: ജനങ്ങളെ വലയ്ക്കുന്ന പ്രവണത തുടർന്നാൽ കെ.എസ്.ആർ.ടിസിയെ അവശ്യ സർവീസായി പ്രഖ്യാപിക്കുന്നത് പരിഗണിക്കുമെന്ന് ഗതാഗത മന്ത്രി ആന്റണി രാജു. ശമ്പള പരിഷ്‌കരണം ആവശ്യപ്പെട്ട് കെഎസ്ആർടിസി ജീവനക്കാർ പണിമുടക്ക് ആരംഭിച്ച സാഹചര്യത്തിലാണ് മന്ത്രിയുടെ പ്രതികരണം.
കോവിഡ് പ്രതിസന്ധി മറികടക്കാനുള്ള ശ്രമത്തിനിടെയുള്ള കെ.എസ്.ആർ.ടി.സി യൂണിയനുകളുടെ പണിമുടക്ക് അംഗീകരിക്കാനാകില്ല. മാസശമ്പളം ലഭിക്കാത്ത വലിയ വിഭാഗം ജനങ്ങൾ കഷ്ടപ്പെടുമ്പോഴാണ് ശമ്പളപരിഷ്‌കരണം ആവശ്യപ്പെട്ട് സമരം പ്രഖ്യാപിച്ചിരിക്കുന്നത്. 30 കോടി രൂപയുടെ അധിക ബാധ്യത വരുന്ന ശമ്പള പരിഷ്‌കരണമാണ് യൂണിയനുകൾ ആവശ്യപ്പെട്ടതെന്നും മന്ത്രി പറഞ്ഞു.
കെ.എസ്.ആർ.ടി.സി. ജീവനക്കാരുടെ ശമ്പളവും പെൻഷനും മുടക്കുന്നില്ല. ശമ്പള വർധന നടപ്പിലാക്കില്ലെന്നും പറഞ്ഞിട്ടില്ല. പക്ഷേ, ശമ്പളം കൂട്ടുന്നത് സർക്കാരിന് 30 കോടി രൂപയുടെ അധിക ബാധ്യത സൃഷ്ടിക്കും. അതു ചർച്ച ചെയ്യാനുള്ള സമയ പരിധിയാണ് ജീവനക്കാരോട് ചോദിച്ചത്- ആന്റണി രാജു പറഞ്ഞു.
കോവിഡ് കാലത്ത് വരുമാനം ഇല്ലാത്ത മാസങ്ങളിൽ പോലും ശമ്പളം നൽകാതിരുന്നിട്ടില്ല. ഒരു രൂപ പോലും ഇല്ലാത്ത ഘട്ടത്തിൽ പോലും ജീവനക്കാർക്ക് സർക്കാർ ശമ്പളം നൽകി വരികയാണ്. 80 കോടി രൂപയാണ് ശമ്പളം നൽകാൻ സർക്കാർ ചെലവഴിക്കുന്നത്. അങ്ങനെയുള്ളപ്പോൾ സർക്കാരിനെ മുൾമുനയിൽ നിർത്തുന്നത് ശരിയാണോയെന്ന് യൂണിയനുകൾ ആലോചിക്കണമെന്നും ഗതാഗത മന്ത്രി പറഞ്ഞു.
സ്‌കൂളുകൾ തുറന്ന, ശബരിമല സീസൺ ആരംഭിച്ച സമയത്ത് തന്നെയുള്ള ഈ പണിമുടക്ക് അനാവശ്യമാണ്. യൂണിയനും മാനേജ്‌മെന്റും തമ്മിലുള്ള തർക്കത്തിൽ ജനങ്ങൾ എന്ത് പിഴച്ചുവെന്നും ജനങ്ങളെ ബന്ദികളാക്കരുതായിരുന്നുവെന്നും ആന്റണി രാജു പറഞ്ഞു.
ശമ്പളപരിഷ്കരണം നടപ്പാക്കണം എന്നാവശ്യപ്പെട്ടാണ് ഇടത് -വലത്, ബിഎംഎസ് യൂണിയനുകൾ സംയുക്തമായി സമരം നടത്തുന്നത്. അർദ്ധരാത്രി ആരംഭിച്ച സമരം 48 മണിക്കൂർ നീണ്ടുനിൽക്കും.
============================================================================ വാര്‍ത്തകള്‍ യഥാസമയം അറിയാന്‍… Join Anweshanam WhatsApp Group: https://chat.whatsapp.com/JHLCbFc9MhbCtdPC6grlJ9 Subscribe Anweshanam Youtube: https://youtube.com/c/Anweshanamlive Follow Anweshanam Google News: https://rb.gy/0tbxgdagain/cid4795157.htm Follow Anweshanam Dailyhunt: https://m.dailyhunt.in/news/india/malayalam/anweshanam-epaper-anwe

















