തിരുവനന്തപുരം: ഇന്ധനവില വർദ്ധനവിനെതിരെ കൊച്ചിയിൽ കോൺഗ്രസ് നടത്തിയ സമരത്തിനെതിരെ ജോജു പെരുമാറിയത് തറഗുണ്ടയെപ്പോലെയെന്ന് കെപിസിസി പ്രസിഡന്റ് കെ സുധാകരന്‍. അക്രമിയുടെ കാര്‍ ആക്രമിച്ചെങ്കില്‍ അത് ജനരോഷത്തിൻ്റെ ഭാഗം. പ്രതികരിക്കുന്നത് രാഷ്ട്രീയപ്പാര്‍ട്ടികളുടെ അവകാശമാണ്. ജോജുവിനെതിരെ നടപടിയില്ലെങ്കില്‍ പ്രതിഷേധം കടുപ്പിക്കുമെന്നും കെ സുധാകരന്‍ വാർത്താസമ്മേളനത്തിൽ പറഞ്ഞു.
അരമണിക്കൂറിൽ ഏറെനേരം ഇടപ്പള്ളി മുതൽ വൈറ്റില വരെയുള്ള റോഡിന്‍റെ ഇടതു ഭാഗം അടച്ചിട്ട് പ്രതിഷേധ സമരം നടത്തുന്നതിന് എതിരെയാണ് ജോജു പ്രതിഷേധിച്ചത്. സമരംമൂലം ദേശീയ പാതയിൽ വൻ ഗതാഗത തടസമാണ് ഉണ്ടായത്. ഈ സമയത്താണ് നടൻ കാറോടിച്ച് വന്നത്.
ഗതാഗത കുരുക്കില്‍പ്പെട്ട ജോജു വാഹനത്തില്‍ നിന്നിറങ്ങി സമരക്കാരോട് കയർക്കുകയായിരുന്നു. സാധാരണ ജനങ്ങളെ ബുദ്ധിമുട്ടിച്ചുകൊണ്ട് എന്ത് നേട്ടമാണ് ഉണ്ടാക്കുന്നതെന്ന് അദ്ദേഹം ചോദിച്ചു. തിരികെ സ്വന്തം വാഹനത്തിലേക്ക് പോയ ജോജു മാധ്യമപ്രവർത്തകരോട് സംസാരിക്കുകയും ചെയ്തു. ‘രണ്ട് മണിക്കൂറായി ആളുകൾ കഷ്ടപ്പെടുകയാണ്. വില വർധിപ്പിച്ചത് ജനങ്ങളല്ല, എല്ലാവരും വിലവർധിപ്പിക്കുന്നതിൽ കഷ്ടപ്പെടുന്നുണ്ട്. ഇന്ധന വില വർധനയ്ക്കെതിരെ സമരം ചെയ്യണം. എന്നാൽ, ഇതല്ല അതിനുള്ള വഴി’- ജോജു പറഞ്ഞു. സമരക്കാർ വളഞ്ഞതോടെ നടനെ സുരക്ഷിതമായി മരട് പോലീസ് സ്റ്റേഷനിലേക്ക് മാറ്റി.
അര മണിക്കൂർ ഉപരോധിക്കും എന്നായിരുന്നു കോൺഗ്രസ് നേതാക്കൾ അറിയിച്ചിരുന്നതെന്ന് എറണാകുളം ഡിസിപി ഐശ്വര്യ ഡോങ്ക്റെ അറിയിച്ചു. സമരം അതിലേറെ നീണ്ടുപോയതായാണ് ഗതാഗതക്കുരുക്ക് രൂക്ഷമാക്കിയത്. അതേസമയം, സമരം മുന്നിൽ കണ്ട് നഗരത്തിൽ ഗതാഗത നിയന്ത്രണം ഏർപ്പെടുത്തിയിരുന്നു.
ജോജു മദ്യപിച്ചിരുന്നതായി ഡിസിസി പ്രസിഡന്‍റ് മുഹമ്മദ് ഷിയാസ് അരോപിച്ചു. സമരത്തിലുണ്ടായിരുന്ന സ്ത്രീകളെ ജോജു അധിക്ഷേപിച്ചതായി മഹിളാ കോൺഗ്രസും പോലീസിൽ പരാതി നൽകി. അതേസമയം, കാറിന്‍റെ ചില്ല് തകർത്ത സംഭവത്തിൽ കണ്ടാലറിയാവുന്നവർക്കെതിരെ പോലീസ് കേസെടുത്തു.
============================================================================
വാര്‍ത്തകള്‍ യഥാസമയം അറിയാന്‍…
Join Anweshanam WhatsApp Group: https://chat.whatsapp.com/JHLCbFc9MhbCtdPC6grlJ9 Subscribe Anweshanam Youtube: https://youtube.com/c/Anweshanamlive Follow Anweshanam Google News: https://rb.gy/0tbxgdagain/cid4795157.htm Follow Anweshanam Dailyhunt: https://m.dailyhunt.in/news/india/malayalam/anweshanam-epaper-anwe

















