തിരുവനന്തപുരം; കേരളത്തിലെ വിവിധ സാംസ്‌കാരിക സ്ഥാപനങ്ങളുടെ സംയുക്താഭിമുഖ്യത്തില്‍ സര്‍ക്കാരിന്റെ സാംസ്‌കാരിക വിനിമയ കേന്ദ്രമായ ഭാരത് ഭവന്റെ സര്‍ഗ്ഗാത്മക നേതൃത്വത്തില്‍ തയ്യാറാക്കിയ മഴമിഴി മള്‍ട്ടി മീഡിയ മെഗാ സ്ട്രീമിങ്ങിന്റെ ആദ്യഘട്ടം ഇന്ന് സമാപിക്കും. ജീവകാരുണ്യ ദിനമായ ഒക്ടോബര്‍ 28ന് ആരംഭിച്ച് കേരളപ്പിറവി ദിനമായ നവംബര്‍ ഒന്നുവരെ 65 ദിവസം നീണ്ടു നിന്ന കലാ മാമാങ്കാത്തിനാണ് നാളെ സമാപനമാകുന്നത്.
സമാപന സമ്മേളനത്തില്‍ ഗവര്‍ണര്‍ ആരിഫ് മുഹമ്മദ്ഖാന്‍ മുഖ്യാതിഥിയാകും. സാംസ്‌കാരിക വകുപ്പു മന്ത്രി സജി ചെറിയാന്‍, സാംസ്‌കാരിക വകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറി റാണി ജോര്‍ജ്ജ്‌ഐഎഎസ്, ഭാരത് ഭവന്‍ മെമ്പര്‍ സെക്രട്ടറിയും മഴമിഴി ഫെസ്റ്റിവല്‍ ഡയറക്ടറുമായ പ്രമോദ് പയ്യന്നൂര്‍ തുടങ്ങിയവര്‍ പങ്കെടുക്കും. സാംസ്‌കാരിക വകുപ്പിന്റെയും വിവിധ സാംസ്‌കാരിക സ്ഥാപനങ്ങളുടെയും ലോക മലയാളി കൂട്ടായ്മകളുടെയും സഭാ ടിവിയുടെയും 54 പേജുകളിലായി ഒരു കോടി അഞ്ചു ലക്ഷത്തോളം പ്രേക്ഷകരിലേക്ക് എത്തിച്ചേരാന്‍ മഴമിഴിക്ക് സാധിച്ചു.

ഇതിനു പുറമേ മഴമിഴിയിലെ കലാപ്രകടനങ്ങള്‍ നവംബര്‍ മാസം മുതല്‍ 100 എപ്പിസോഡുകളിലായി വിക്ടേഴ്‌സ് ചാനലിലൂടെ സംപ്രേഷണം ചെയ്യും. മെഗാ സ്ട്രീമിംഗ് വേളയില്‍ ഇന്ത്യന്‍ സാംസ്‌കാരിക മേഖലയില്‍ നിന്നും വിടപറഞ്ഞ വിഖ്യാത വ്യക്തിത്വങ്ങള്‍ക്കുള്ള ആദരവായി മഴമിഴി പേജുകളിലൂടെ നാളെ മുതല്‍ ഈ മാസം ഒന്‍പതുവരെ ചിരസ്മരണ എന്ന പേരില്‍ അനുസ്മരണ പരിപാടികള്‍ സംഘടിപ്പിക്കും. നവംബര്‍ 10 മുതല്‍ മഴമിഴി പദ്ധതിയുടെ രണ്ടാം ഘട്ടമായി ‘തളിര്‍മിഴി’ തീയേറ്റര്‍ ഫെസ്റ്റിവലിന് തുടക്കമാകും. ഇന്ത്യന്‍ സമയം രാത്രി ഏഴ് മുതല്‍ ഒന്‍പതു വരെയായിരിക്കും മെഗാ സ്ട്രീമിംഗ് നടക്കുക.
കഥാപ്രസംഗം, ഗാനമേള, തെരുവുനാടകം, ഗ്രാമീണ നാടകങ്ങള്‍, ഏകാഹാര്യ നാടകങ്ങള്‍, പരീക്ഷണ നാടകങ്ങള്‍ എന്നീ കലാവതരണങ്ങളും, കൂടുതല്‍ രംഗകലകളും, അപൂര്‍വ്വങ്ങളായ കലാരൂപങ്ങളും ഉള്‍പ്പെടുത്തി ‘വസന്തമിഴി’ എന്ന മൂന്നാം ഘട്ടവും അണിയറയില്‍ ഒരുങ്ങുന്നുണ്ട്. 150 ഓളം വ്യത്യസ്ത കലാരൂപങ്ങളിലായി 3000ത്തോളം കലാകാരന്മാരുടെ കലാവതരണങ്ങള്‍ പ്രേക്ഷകരിലേക്കെത്തിക്കാന്‍ മഴമിഴിയിലൂടെ സാധിച്ചു. മഴമിഴിയുടെ ഭാഗമായി ചിത്രീകരിച്ച കലാപ്രകടനങ്ങള്‍ ആര്‍ക്കൈവ് ചെയ്തു സൂക്ഷിക്കാനുള്ള പ്രവര്‍ത്തനങ്ങളും നടന്നുവരുന്നു.

കേരള സാംസ്‌കാരിക കാര്യവകുപ്പ്, ചലച്ചിത്ര അക്കാദമി, കേരള ഫോക്ക് ലോര്‍ അക്കാദമി, ലളിതകലാ അക്കാദമി, സംഗീത നാടക അക്കാദമി, ഗുരുഗോപിനാഥ് നടന ഗ്രാമം, കേരള സര്‍ക്കാരിന്റെ സാംസ്‌കാരിക വിനിമയ കേന്ദ്രമായ ഭാരത് ഭവന്‍ എന്നീ സാംസ്‌കാരിക സ്ഥാപനങ്ങളുടെ സംയുക്താഭിമുഖ്യത്തിലാണ് മഴമിഴി സാധ്യമാക്കിയത്.

============================================================================ വാര്‍ത്തകള്‍ യഥാസമയം അറിയാന്‍… Join Anweshanam WhatsApp Group: https://chat.whatsapp.com/JHLCbFc9MhbCtdPC6grlJ9 Subscribe Anweshanam Youtube: https://youtube.com/c/Anweshanamlive Follow Anweshanam Google News: https://rb.gy/0tbxgdagain/cid4795157.htm Follow Anweshanam Dailyhunt: https://m.dailyhunt.in/news/india/malayalam/anweshanam-epaper-anwe
















