ഇടുക്കി: ഇടുക്കി ഡാമിലെ (idukki dam) റെഡ് അലർട്ട് (red alert) പിൻവലിച്ചു. 2398.30 അടിയാണ് ഇടുക്കി ഡാമിലെ ഇപ്പോഴത്തെ ജലനിരപ്പ്. അലർട്ട് പിൻവലിച്ചുവെങ്കിലും ജാഗ്രത തുടരണമെന്ന് അധികൃതർ അറിയിച്ചു.
മുല്ലപ്പെരിയാർ അണക്കെട്ടിലെ രണ്ട് സ്പിൽവേ ഷട്ടറുകൾ തുറന്നെങ്കിലും അധിക ജലം ഒഴുകിയെത്താത്ത സാഹചര്യത്തിൽ ഇടുക്കി അണക്കെട്ട് അടിയന്തരമായി തുറക്കേണ്ട സാഹചര്യമില്ലെന്നും കെഎസ്ഇബി അറിയിച്ചു.
ജലനിരപ്പ് റൂൾ കർവ് പരിധി പിന്നിട്ടതോടെയാണ് ഇടുക്കി ഡാമിൽ ഇന്ന് രാവിലെ റെഡ് അലർട്ട് പ്രഖ്യാപിച്ചത്. മുല്ലപ്പെരിയാറിൽ നിന്നുള്ള ജലം ഉൾകൊള്ളാനുള്ള പര്യാപ്തത നിലവിൽ ഡാമിനുണ്ട്. അതിനാൽ ആശങ്ക വേണ്ടെന്നും മുൻകരുതലിന്റെ ഭാഗമായാണ് റെഡ് അലർട് പ്രഖ്യാപിച്ചതെന്നും ഇടുക്കി ഡാം അസിസ്റ്റന്റ് എൻജിനീയർ പറഞ്ഞു.
ഇന്ന് രാവിലെ 7.30 ഓടെയാണ് മുല്ലപ്പെരിയാർ അണക്കെട്ടിന്റെ സ്പിൽവേകൾ തുറന്നത്. 3,4 സ്പിൽവേ ഷട്ടറുകൾ ആണ് 30 സെന്റി മീറ്റർ വീതം ഉയർത്തിയത്. സെക്കന്റിൽ 534 ഘന അടി വെള്ളമാണ് പുറത്തേക്ക് ഒഴുക്കിവിട്ടത്. 2335 ഘന അടി വെള്ളം തമിഴ്നാട് കൊണ്ടുപോകുന്നുണ്ട്. മുല്ലപ്പെരിയാറിന്റെ സ്പിൽവേ ഷട്ടറുകൾ തുറന്ന സാഹചര്യത്തിൽ കേരളാ റവന്യൂ – ജല വകുപ്പ് മന്ത്രിമാർ സ്ഥലത്തെത്തി സ്ഥിതിഗതികൾ വിലയിരുത്തി. തമിഴ്നാട് ഉദ്യോഗസ്ഥരുമായി ആശയ വിനിമയം നടക്കുന്നുണ്ടെന്നും സ്ഥിതിഗതികൾ വിലയിരുത്തുകയാണെന്നും റവന്യു മന്ത്രി കെ രാജൻ അറിയിച്ചു.
============================================================================
വാര്‍ത്തകള്‍ യഥാസമയം അറിയാന്‍…
Join Anweshanam WhatsApp Group: https://chat.whatsapp.com/JHLCbFc9MhbCtdPC6grlJ9
Subscribe Anweshanam Youtube: https://youtube.com/c/Anweshanamlive
Follow Anweshanam Google News: https://rb.gy/0tbxgdagain/cid4795157.htm
Follow Anweshanam Dailyhunt: https://m.dailyhunt.in/news/india/malayalam/anweshanam-epaper-anwe

















