കോട്ടയം: എരുമേലി പഞ്ചായത്തിലെ എയ്ഞ്ചൽവാലിയിൽ ഉരുൾപൊട്ടൽ. ഉച്ചകഴിഞ്ഞ് മൂന്നുമണിയോടൊണ് സംഭവം.പ്രദേശത്തെ വീടുകളിലും സ്ഥാപനങ്ങളിലും വെള്ളം കയറി. എഴുകുമണ്ണ് വനത്തിനുള്ളിലാണ് ഉരുൾപൊട്ടൽ ഉണ്ടായതെന്നാണ് സൂചന. ഉരുള്‍പൊട്ടി ഓക്കന്‍തോട് നിറഞ്ഞ് കവിഞ്ഞതോടെ പ്രദേശത്തെ കടകളിലും വെള്ളം കയറിയിട്ടുണ്ട്.കനത്ത നാശനഷ്ടമുണ്ടായെന്നാണ് വിവരം. മലവെള്ളപ്പാച്ചിലിൽ ഒരു ഓട്ടോറിക്ഷയും രണ്ടു ബൈക്കും ഒലിച്ചുപോയി.
അതേസമയം, കോട്ടയം ജില്ലയുടെ കിഴക്കൻ ഭാഗങ്ങളിൽ കനത്ത മഴ തുടരുകയാണ്. വൈകുന്നേരത്തോടെ ജില്ലയുടെ കിഴക്കൻ മേഖലകളിൽ കനത്ത മഴയുണ്ടെന്ന് കാലാവസ്ഥ പ്രവചനമുണ്ടായിരുന്നു. കനത്ത മഴക്കുള്ള സാധ്യത മുൻനിർത്തി സംസ്ഥാനത്ത് ആറ് ജില്ലകളിൽ നാളെ കേന്ദ്ര കാലാവസ്ഥാ വകുപ്പ് ഓറഞ്ച് അലർട്ടും പ്രഖ്യാപിച്ചിരുന്നു. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി ജില്ലകളിലാണ് ഓറഞ്ച് അലർട്ട്. ഒറ്റപ്പെട്ടയിടങ്ങളിൽ അതിശക്തമായ മഴക്കുള്ള സാധ്യതയാണ് പ്രവചിച്ചിരിക്കുന്നത്.

















