മണ്ണാർക്കാട് ∙ മലയോര പ്രദേശങ്ങളിൽ കനത്ത മഴ. മെഴുകുംപാറ, പൊതുവപ്പാടം, കാരാപ്പാടം, അമ്പലപ്പാറ ഭാഗങ്ങളിൽ തോടുകളിലും പുഴകളിലും ജലനിരപ്പ് ഉയർന്നു. മെഴുകുംപാറ താന്നിക്കുന്ന് പൊട്ടിത്തോട്ടിൽ ജലനിരപ്പ് ഉയർന്നതിനെ തുടർന്ന് ഗതിമാറി ഒഴുകി. വീടുകളിലും കൃഷിയിടങ്ങളിലും വെള്ളം കയറി. കുമരംപുത്തൂർ കാരാപ്പാടത്ത് തോടുകൾ കരകവിഞ്ഞു.
കല്ലടിക്കോടൻ മലയോര പ്രദേശങ്ങളെ ഭീതിയിലാക്കി തുപ്പനാട് പുഴയിൽ കനത്ത മലവെള്ളപ്പാച്ചിൽ. മീൻവല്ലം ഉൾപ്പെടുന്ന ഉൾ വനപ്രദേശത്ത് പെയ്ത കനത്ത മഴയെ തുടർന്നാണ് തുപ്പനാട് പുഴയിൽ വെള്ളം കുത്തിയൊലിച്ചെത്തിയത്. മലയോരത്ത് മഴ ശക്തമായില്ലെങ്കിലും പുഴയിൽ വെള്ളം കലങ്ങി മറിഞ്ഞ് ഇല്ലിക്കൂട്ടങ്ങളുമായി പെട്ടെന്ന് ഒഴുകി ഉയരുകയായിരുന്നു.
കുരുത്തിച്ചാലിൽ ഒഴുക്ക് വർധിച്ചു. കൃഷിയിടങ്ങളിൽ വെള്ളം കയറി. പൊതുവപ്പാടത്തും തോടുകളിൽ വെള്ളംകയറി. തിരുവിഴാംകുന്ന് അമ്പലപ്പാറയിൽ വെള്ളിയാർ പുഴ കരകവിഞ്ഞു. പൊതുവപ്പാടം, കാരാപ്പാടം ഭാഗങ്ങളിലെ മലയോരത്തുള്ളവരെ നേരത്തെ മാറ്റിപ്പാർപ്പിച്ചിരുന്നു. പ്രദേശത്ത് ശക്തമായ മഴ തുടരുകയാണ്. തെങ്കര കൊറ്റിയോട് ഭാഗങ്ങളിലെ വീടുകളിൽ വെള്ളം കയറി.
തുടിക്കോട്, മൂന്നേക്കർ ഭാഗങ്ങളിൽ കൃഷിയിടങ്ങളിലേക്കും 6 വീടുകളിലേക്കും വെള്ളംകയറി. തുടിക്കോട് ചപ്പാത്ത് വെള്ളത്തിനടിയിലായി. വനപ്രദേശത്ത് മാത്രമായി ഉയർന്നതോതിൽ മഴ പെയ്തത് പ്രദേശത്ത് ആശങ്ക ഉയർത്തിയിട്ടുണ്ട്. കഴിഞ്ഞ പ്രളയങ്ങളിൽ വലിയ നാശം നേരിട്ട പ്രദേശം കൂടിയാണിത്.
















