ബാഗ്ദാദ്: 2700 വർഷത്തോളം പഴക്കമുള്ള വൈൻ നിർമാണശാല കണ്ടെത്തി ഇറാഖിലെ പുരാവസ്തു ഗവേഷകർ. അസീറിയൻ രാജാക്കൻമാരുടെ കാലത്ത് വാണിജ്യാടിസ്ഥാനത്തിൽ വൈൻ ഉത്പാദിപ്പിക്കാനായി നിർമിച്ച വലിയ വൈൻ ഫാക്ട്‌റിയുടെ അവശേഷിപ്പുകളാണിത്. ഇറാഖിലെ ദോഹുകിന് സമീപമുള്ള പ്രദേശത്തുനിന്നാണ് ഇവ കണ്ടെത്തിയത്.
വൈൻ നിർമാണത്തിനായി മുന്തിരി പിഴിഞ്ഞെടുക്കാനും നീര് വേർതിരിക്കാനും ഉപയോഗിച്ച പ്രസ്സറുകൾ ഉൾപ്പെടെയുള്ള 14 വസ്തുക്കളും ഇവിടെനിന്ന് ലഭിച്ചു. ഇത്തരത്തിൽ ഇറാഖിൽ കണ്ടെത്തുന്ന ആദ്യത്തെ വൈൻ ഫാക്ടറിയാണിതെന്നാണ് റിപ്പോർട്ടുകൾ.
വൈൻ ഫാക്ടറിക്ക് പുറമേ ചരിത്രാതീതകാലത്തേതെന്ന് കരുതുന്ന രാജകുടുംബത്തിന്റെ നിരവധി അമൂല്യ ശിലാശിൽപങ്ങളും ഗവേഷകസംഘം കണ്ടെത്തിട്ടുണ്ട്. ദൈവങ്ങളോട് പ്രാർഥിക്കുന്ന രാജക്കൻമാരുടെ രൂപങ്ങളാണ് പാറകളിൽ തീർത്ത ശിൽപങ്ങളിൽ ദൃശ്യമാകുന്നത്. വടക്കൻ ഇറാഖിലെ ഫയ്ഡ മേഖലയിൽ നിന്നാണ് ഇവ കണ്ടെത്തിയത്.
ഒമ്പത് കിലോമീറ്ററോളം ദൂരമുള്ള ഒരു ജലസേചന കനാലിന്റെ മതിലുകളിലായിരുന്നു ശിലാശിൽപങ്ങൾ ഉണ്ടായിരുന്നതെന്ന് ദോഹുക് പുരാവസ്തു വകുപ്പിലെ ഗവേഷകർ പറഞ്ഞു. 12 പാനലുകളിലായുള്ള ശിലാശിൽപങ്ങളാണ് ഇവിടെനിന്ന് ലഭിച്ചത്. ഇവയ്ക്ക് അഞ്ച് മീറ്റർ വീതിയും രണ്ട് മീറ്റർ ഉയരവുമുണ്ട്. അസീരിയൻ കാലത്തെ ദൈവങ്ങൾ, രാജക്കൻമാർ, മൃഗങ്ങൾ എന്നിവയുടെ ചിത്രങ്ങളാണ് ശിൽപങ്ങളുടെ ഉള്ളടക്കം. സർഗോൺ രണ്ടാമൻ രാജാവിന്റെയും അദ്ദേഹത്തിന്റെ മകൻ സൊൻഹേരിബിന്റെയും ഭരണകാലത്തുള്ളവയാണ് ഇവയെന്നാണ് ഗവേഷകരുടെ നിഗമനം.
രാജാവ് അസീറിയൻ ദൈവങ്ങളുടെ മുന്നിൽ പ്രാർഥിക്കുന്ന ശിലാശിൽപങ്ങളാണ് ലഭിച്ചത്. കുർദിസ്താനിൽ ഉൾപ്പെടെ ഇറാഖിൽ നിരവധി ഇടങ്ങളിൽ കണ്ടെത്തിയതിനെക്കാൾ വളരെ വലിയ സ്മാരകമാണിതെന്ന് ഇറ്റാലിയൻ പുരാവസ്തു ഗവേഷകൻ ഡാനിയേൽ മൊറാണ്ടി ബൊനാകോസി പറഞ്ഞു.
















